നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

15.7.11

ഒരു പ്രവാസിയുടെ തുറക്കാത്ത കത്ത്

 പ്രിയത്തില്‍ ബാപ്പയും ഉമ്മയും അറിയാന്‍,
. ഗള്‍ഫില്‍ വന്നിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. അടുത്ത മാസം നാട്ടില്‍ വരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് വിസക്ക് വേണ്ടി വാങ്ങിച്ച കടം വീട്ടാനും പിന്നെ ഒരിക്കല്‍ നാട്ടില്‍ വന്നു പോരാനും സാധിച്ചു എന്നതൊഴിച്ചാല്‍ സമ്പാദ്യമായി ഒന്നുമില്ല. ഇനി ഗള്‍ഫിലേക്ക് ഞാന്‍ തിരിച്ചു പോരുന്നില്ല. അദ്ധ്വാനിക്കാനുള്ള ആരോഗ്യം ഉള്ളത് കൊണ്ട് നാട്ടില്‍ വല്ല കൂലിപ്പണിക്കും പോകാം. നിങ്ങളുടെ അഭിപ്രായം മറുപടിയില്‍ അറിയിക്കുമല്ലോ.

എന്ന്
സ്വന്തം ജമാല്‍.

പ്രിയത്തില്‍ മകന്‍ ജമാല്‍ അറിയാന്‍ ബാപ്പ എഴുതുന്നത്‌ 

കത്ത് കിട്ടി. നീ വരുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷിക്കുന്നു. ബാക്കി വിവരങ്ങള്‍ ഉമ്മ എഴുതും. ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌. നമ്മുടെ വീട് ചോര്‍ന്നൊലിക്കുന്ന വിവരം നിനക്കറിയാലോ. ഓടു മാറ്റാന്‍ ആശാരി വന്നപ്പോള്‍ പട്ടികയും കഴുക്കോലും മാറ്റണമെന്നാണ് പറഞ്ഞത്. ഇനി മരത്തിനു പൈസ ചിലവാക്കുന്നതിലും നല്ലത് വാര്‍ക്കുന്നതാണെന്നാണ്  എല്ലാവരുടെയും അഭിപ്രായം. എന്തായാലും പുര നന്നാക്കാതെ പറ്റില്ലല്ലോ. ഇവിടെ വന്നു കൂലിപ്പണിക്ക് പോയാല്‍ നിന്നെക്കൊണ്ട് പുര നന്നാക്കാന്‍സാധിക്കുമോ.  ഉമ്മ പറഞ്ഞെന്നേയുള്ളൂ.  ഇനി എല്ലാം നിന്‍റെ ഇഷ്ടം.
എന്ന്
സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മ അറിയാന്‍ ജമാല്‍ എഴുതുന്നത്‌ 
ഞാന്‍ ഈ മരുഭൂമിയില്‍ വന്നിട്ട് ഇന്നേക്ക് പത്തു വര്‍ഷംകഴിഞ്ഞു. അടുത്ത മാസം നാട്ടിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നു. ഏതായാലും ഇക്കഴിഞ്ഞ മൂന്നു നാല് വര്‍ഷം കൊണ്ട് നമ്മുടെ വീട് പുതുക്കിപ്പണിയാന്‍ സാധിച്ചു. അതിന്‍റെകടങ്ങളൊക്കെ വീട്ടി. ഇനി നാട്ടില്‍ ടാക്സി ഓടിച്ചു കഴിയാമെന്നാണ് ഞാന്‍ വിജാരിക്കുന്നത്.  നമ്മുടെ നിത്യച്ചിലവിനുള്ള വക അതില്‍നിന്ന് കിട്ടും. ഈമരുഭൂമിയിലെ ജീവതം എനിക്ക് മടുത്തു.  നാട്ടില്‍വന്നു മക്കളോടൊപ്പം കഴിയണം. ഉമ്മയുടെ അഭിപ്രായം അറിയിക്കുമല്ലോ.
എന്ന്
സ്വന്തം ജമാല്‍.

പ്രിയ മകന്‍ ജമാല്‍ അറിയാന്‍,

നിന്‍റെ എഴുത്ത് വായിച്ചപ്പോള്‍ ഉമ്മാക്ക് സങ്കടമായി. എന്‍റെ കുട്ടി ചെറുപ്പം മുതല്‍ ഈ കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാന്‍ തുടങ്ങിയതാണ്‌.  എങ്കിലും ഒരു കാര്യംകൂടെഉമ്മ ആവശ്യപ്പെടുകയാണ്. സൈനബക്ക് വയസ്സ് ഇരുപതു കഴിഞ്ഞു. അവളെ ഒരുത്തന്‍റെ കൂടെ പറഞ്ഞയക്കണ്ടേ. അതിനു നീ എന്തെങ്കിലും വഴി കണ്ടിട്ടുണ്ടോ.  അവളുടെ നിക്കാഹു കഴിഞ്ഞു കണ്ടിട്ട് ഉമ്മാക്ക് മരിച്ചാലും വേണ്ടില്ല. നിന്നെ വിഷമിക്കാനല്ല ഉമ്മ ഇതെഴുതിയത്. ഇനി എല്ലാം നിന്‍റെ ഇഷ്ടം.
 എന്ന്
 സ്വന്തം ഉമ്മ.

പ്രിയത്തില്‍ ഉമ്മയും സുഹറയും അറിയാന്‍,
ഞാന്‍ ഗള്‍ഫില്‍ വന്നിട്ട് കഴിഞ്ഞ ജനുവരിയിലേക്ക് പതിനാലു വര്‍ഷം കഴിഞ്ഞു. ഇവിടുത്തെ ജീവിതം മടുത്തു. ഇനി തുടരാന്‍ വയ്യ. ഞാന്‍ വിസ കാന്‍സല്‍ ചെയ്തു പോരുകയാണ്. കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് സൈനബയുടെ നിക്കാഹു പടച്ചവന്‍റെ കൃപയാല്‍ നമ്മള്‍ ഉദേശിച്ചതിലും ഭംഗിയായി നടത്താന്‍ സാധിച്ചു. അവര്‍ ആവശ്യപ്പെട്ട പോലെ അറുപതു പവനും രണ്ടു ലക്ഷം രൂപയും കൊടുത്തതിന്‍റെ കടം മുഴുവനും വീട്ടി. ഇനി നാട്ടില്‍വന്നു വല്ല ഡ്രൈവര്‍ പണിയോ മറ്റോ എടുത്തുകഴിയാമെന്നാണ് വിജാരിക്കുന്നത്. വലിയ ദേഹാദ്ധ്വാനമുള്ള പണി ഒന്നും ഇനി ചെയ്യാന്‍ കഴിയില്ല. പ്രഷറും ഷുഗറും ഒക്കെ ആവശ്യത്തില്‍ കൂടുതല്‍ ഉണ്ട്. ഇവിടുന്നുചികിത്സിക്കാന്‍ നിന്നാല്‍ പിന്നെ കിട്ടുന്ന ശമ്പളം മുഴുവനും അതിനു കൊടുക്കേണ്ടി വരും. ഏതായാലും ഇനി നാട്ടില്‍ വന്നിട്ട് ആയുര്‍വേദചികിത്സ വല്ലതും നോക്കാം. കത്ത്ചുരുക്കട്ടെ
 എന്ന്
സ്വന്തം ജമാല്‍

പ്രിയത്തില്‍ എന്‍റെ ജമാല്‍ അറിയാന്‍ ഉമ്മ എഴുതുന്നത്‌.

നിന്‍റെ കത്ത് വായിച്ചു ഉമ്മ ഒരു പാട് കരഞ്ഞു. ഇനി ഏതായാലും നീ തിരിച്ചു പോകണ്ട.  പിന്നെ സുഹറക്ക് എന്തോ എഴുതാന്‍ ഉണ്ടെന്നു പറഞ്ഞു.......

 പ്രിയത്തില്‍ എന്‍റെ ഇക്കാക്ക അറിയാന്‍
. ഇന്ന് വരെ ഞാന്‍ എനിക്ക് വേണ്ടി ഒന്നും നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇപ്പൊ ഒരു കാര്യം പറയാതെ വയ്യ. ജലാലിന്‍റെ കല്യാണം കഴിഞ്ഞതോടെ ഉമ്മാക്ക് ഇപ്പൊ എന്നെ കണ്ടു കൂടാതായി. ഇപ്പൊ എല്ലാത്തിനും ചെറിയ മരുകകള്‍ മതി. പിന്നെ ഈ വീട് ജലാലിന്‍റെ പേരില്‍ എഴുതിക്കൊടുക്കാന്‍ പോവാണെന്നു ഉമ്മ പറയുന്നത് കേട്ടു. നമുക്ക് സ്വന്തമായി ഒരു കൂരയെങ്കിലും വേണ്ടെ ജമാലിക്കാ. അത് ഇക്കാക്ക് നാട്ടില്‍ നിന്നുണ്ടാക്കാന്‍ സാധിക്കുമോ. കമ്പിയുടെയും സിമന്റിന്‍റെയും പിന്നെ ഇഴ്പ്പോഴത്തെ പണിക്കൂലിയും ഒക്കെ ഇക്കാക്ക് അറിയാമല്ലോ. നാളെ മക്കളെയും കൊണ്ട് ഇറങ്ങേണ്ടി വന്നാല്‍ നമ്മള്‍ എവിടെ പോകും. ഞാന്‍ എന്‍റെ സങ്കടം പറഞ്ഞെന്നെയുള്ളൂ. ഇനി
എല്ലാം നിങ്ങളുടെ ഇഷ്ടം.


പ്രിയത്തില്‍ സുഹറ അറിയുന്നതിന്.

എന്‍റെ പ്രവാസ ജീവിതത്തിനു ഈ മാസത്തോടെ പത്തൊന്‍പതു വര്‍ഷം പൂര്‍ത്തിയായി. നീ ആഗ്രഹിച്ചതിലും നല്ലൊരു വീട് കഴിഞ്ഞ നാല് വര്‍ഷത്തെ എന്‍റെ അദ്ധ്വാനം കൊണ്ട് ഉണ്ടാക്കുവാന്‍ നമുക്ക് സാധിച്ചു. കയ്യില്‍ ഇനി പൈസ ഒന്നും ബാക്കിയില്ല. കമ്പനിയില്‍ നിന്നും പിരിഞ്ഞു പോരുമ്പോള്‍ മൂന്നു ലക്ഷം രൂപ കിട്ടും. അത് മാത്രമാണ് ആകെയുള്ള സമ്പാദ്യം. ‍ എന്നാലും തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രയൊക്കെ ചെയ്യാന്‍ സാധിച്ചല്ലോ എന്ന സംതൃപ്തിയുണ്ട്. ഇനി ഇവിടെ തുടരാന്‍ വയ്യ. നീണ്ട പത്തൊന്‍പതു വര്‍ഷവും ജീവിതം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇനി നാട്ടില്‍ വന്നു ഒന്ന് സ്വസ്ഥമായി നിന്നോടും മക്കളോടും ഒപ്പം കഴിയണം. ഈ മാസാവസാനത്തോടെ ഞാന്‍ ജോലിയില്‍നിന്ന് പിരിയുകയാണ്.
ശേഷം നേരില്‍.
 എന്ന്
സ്വന്തം ജമാല്‍

പ്രിയത്തില്‍ ഇക്കാക്ക അറിയാന്‍ ,

കത്ത് വായിച്ചു ഒരു പാട് സന്തോഷമായി. ഇപ്പോഴെങ്കിലും ഗള്‍ഫ്‌ ജീവിതം മതിയാക്കാന്‍ തോന്നിയല്ലോ. പിന്നെ മോന്‍ ഒരു കാര്യം എഴുതാന്‍ പറഞ്ഞു. അവനുഎന്ജിനീയറിങ്ങിനു പോകാനാണ് താല്‍പര്യം. കോയമ്പത്തൂര്‍ അമൃത ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും അഡ്മിഷന്‍ കാര്‍ഡ്‌ വന്നിട്ടുണ്ട്. ആദ്യത്തെ വര്‍ഷം നാല് ലക്ഷം രൂപ വേണം. പിന്നെ ഓരോ വര്‍ഷവും മൂന്നു ലക്ഷം മതിയാകും. തവണകളായിട്ടു കൊടുത്താല്‍ മതി എന്നാണു അവന്‍ പറയുന്നത്. അവിടെ പഠിക്കുന്നതൊക്കെ ഗള്‍ഫുകാരുടെ മക്കളാണത്രേ.  ഈ മുപ്പതാംതിക്കുള്ളില്‍ ചേരണം എന്നാണു അവന്‍ പറയുന്നത്. ഇക്ക കത്ത് കിട്ടിയാല്‍ ഉടനെ മറുപടി അയക്കുമല്ലോ. സ്നേഹപൂര്‍വ്വം സുഹറ.


(മകന്‍റെ എഞ്ചിനീയറിംഗ് പഠനത്തിത്തിനും മകളുടെവിവാഹത്തിനുമായി പിന്നെയും വര്‍ഷങ്ങള്‍ ചിലവിട്ടു നീണ്ട ഇരുപത്തിയേഴു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി സ്വന്തം സമ്പാദ്യങ്ങളായ പ്രഷറും ഷുഗറും നടുവ് വേദനയും അള്‍സറുമായി ജമാല്‍ നാട്ടിലേക്ക് വിമാനം കയറുമ്പോള്‍ പുതിയ ആവലാതികളുമായി വന്ന കത്ത് അയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്നു. ജമാല്‍ ജീവിതത്തില്‍ ആദ്യമായി തുറന്നു വായിക്കാത്ത കത്ത്.)
  (ഹേമചന്ദ്രന് ദുബായിയില് നിന്നും മെയില് ചെയ്തു തന്ന കഥ )

No comments:

Post a Comment