നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

സ്കൂള്‍ കലോല്‍സവം -ചരിത്രം

കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാന്‍ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്‌കൂള്‍ കലോത്സവം. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങള്‍ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകര്‍ന്നു കൊടുത്തും സ്‌കൂള്‍ കലോത്സവങ്ങള്‍ മലയാളിയുടെ സംസ്‌കൃതിക്ക് നെടുംതൂണുകളാവുന്നു.

ബാലകലാമേള എന്നൊരു ചെറിയ ആശയം 50 പതിപ്പുകളിലൂടെ വളര്‍ന്ന്, ഇന്ന് നാം കാണുന്ന മഹോത്സവത്തിലെത്തുമ്പോള്‍, അതിനു പുറകില്‍ ഒരുപാട് പേരുടെ കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും കലോപാസനയുടെയും ആയിരമായിരം ഉപകഥകളും നിരന്നുനില്‍ക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രിമാര്‍, വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍, വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപക സംഘടനകള്‍, പരിശീലകര്‍, പക്കമേളക്കാര്‍, ചമയക്കാര്‍, ഊട്ടുപുരക്കാര്‍, എന്നിങ്ങനെ ഓരോ കലോത്സവങ്ങളുടെയും വിജയത്തിനായി രാപകലില്ലാതെ ഓടിനടന്നവര്‍ക്കുള്ള സ്ഥാനം, അരങ്ങിലെ താരങ്ങള്‍ക്കൊപ്പം തന്നെയാണ്. അതുപോലെ കലോത്സവങ്ങളെ ഇത്ര ജനകീയമാക്കുന്നതില്‍, പത്ര-ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ നിര്‍ലോഭമായ പിന്തുണയും വിസ്മരിക്കാനാവില്ല.

സ്‌കൂള്‍, ഉപജില്ല, ജില്ല, സംസ്ഥാനം എന്നീ നാല് തലങ്ങളിലായി നടക്കുന്ന കലോത്സവങ്ങളില്‍ ലക്ഷക്കണക്കിന് കുട്ടികളാണ് ഓരോ വര്‍ഷവും തങ്ങളുടെ കഴിവിന്റെ മാറ്റുരച്ച് നോക്കുന്നത്. ഇവരില്‍ പലരും പിന്നീട് മലയാള സിനിമാരംഗത്തും മറ്റ് കലാരംഗങ്ങളിലും ജനപ്രിയ താരങ്ങളായി വളരുകയും ചെയ്യുന്നു.

അനാരോഗ്യകരമായ മത്സരങ്ങളും രക്ഷിതാക്കളുടെയും പരിശീലകരുടെയും ആവശ്യത്തില്‍ കവിഞ്ഞുള്ള ആവേശവും, അപ്പീലുകളും, കോടതിയിടപെടലുകളുമെല്ലാം വികൃതചിത്രങ്ങളാവുന്നുണ്ടെങ്കിലും, കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ നമുക്ക് പരിചയപ്പെടുത്തുന്ന ഈ മഹത്തായ മേള കേരളത്തിന്റെ അഭിമാനം തന്നെയാണ്. ഇത്ര വിപുലവും ജനകീയവുമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സംഘടിപ്പിക്കുന്ന ഒരു ഉത്സവം ലോകത്ത് മറ്റെവിടെയും ഉണ്ടാവുമോ എന്നതും സംശയമാണ്.
ഐക്യ കേരളത്തിനോളംതന്നെ പ്രായമുണ്ട് സ്‌കൂള്‍ കലോത്സവത്തിന്. അതിന്റെ ചരിത്രവഴികളിലൂടെ നാഴികകല്ലുകളിലൂടെ.....

ആശയവും ആരംഭവും

1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം നിലവില്‍ വന്നു. സംസ്ഥാന പദവിയിലെത്തിയപ്പോള്‍ രാജവാഴ്ച അവസാനിക്കുകയും, പകരം വി. എസ്. റാവു ആക്ടിങ് ഗവര്‍ണറായി നിയമിക്കപ്പെടുകയും ചെയ്തു. നവംബര്‍ 22ന് ഡോ. ബി. രാമകൃഷ്ണറാവു സംസ്ഥാന ഗവര്‍ണറായി ചുമതലയേല്ക്കുകയും ചെയ്തു.

കേരളത്തില്‍ രാഷ്ട്രപതി ഭരണം നിലനിന്നിരുന്ന അക്കാലത്ത്, പ്രഗത്ഭ ശാസ്ത്രജ്ഞനും കലാസ്വാദകനുമായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരനായിരുന്നു വിദ്യാഭ്യാസ ഡയറക്ടര്‍. മൗലാനാ ആസാദ് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ ഒരു യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ സാധിച്ച ഡോ. വെങ്കിടേശ്വരന്റെ മനസ്സില്‍ ഒരു ആശയം മുളപൊട്ടി. മലയാളനാട്ടിലും ഏകദേശം അതേ മാതൃകയില്‍ ഒരു കലാമേള സംഘടിപ്പിക്കുക എന്ന ചെറിയ ഒരാശയം.
1956 നവംബര്‍ ഒടുവില്‍ ഏതാനും ഡി.ഇ.ഒ മാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും ഒരു യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി. കുട്ടികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി കലാമേളകള്‍ സംഘടിപ്പിക്കുക എന്ന ആശയം ആ യോഗത്തില്‍ അവതരിപ്പിക്കുകയും വിശദമായി ചര്‍ച്ച നടത്തുകയും ചെയ്തു.

പ്രത്യേകിച്ച് ഒരു രൂപരേഖയൊന്നുമില്ലാതെയാണ് ആദ്യ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ നടന്നത്. കുട്ടികളിലെ കലാപരമായ സിദ്ധികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ കലാമേളകള്‍ സംഘടിപ്പിക്കുന്നു എന്നും കലാവാസനയുള്ള കുട്ടികളെ കണ്ടെത്തി അവരെ മേളയിലേക്ക് കൊണ്ടുവരാന്‍ പ്രധാനാധ്യാപകര്‍ മുന്‍കൈ എടുക്കണമെന്നും ജില്ലാ ഓഫീസുകള്‍ മുഖേന എല്ലാ സ്‌കൂളുകളേയും വിവരമറിയിച്ചു. 1956 ഡിസംബര്‍ മാസത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ കേരളത്തിലെ 12 ജില്ലകളിലും യുവജന കലോത്സവങ്ങള്‍ നടത്തപ്പെട്ടു.

1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്‌കൂളില്‍ ആദ്യകലോത്സവത്തിന് തിരിതെളിഞ്ഞു. തിരുവനന്തപുരത്തെ മോഡല്‍ സ്‌കൂളില്‍വെച്ച് നടത്താനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ചില പ്രതികൂല സാഹചര്യങ്ങള്‍ കാരണം അവസാന നിമിഷം മേള എറണാകുളത്തേക്ക് മാറ്റുകയാണുണ്ടായത്. വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടറും, പിന്നീട് ഡയറക്ടറുമായിരുന്ന ശ്രീ. രാമവര്‍മ അപ്പന്‍ തമ്പുരാനായിരുന്നു മേള നടത്തിപ്പിന്റെ ചുമതല. ഗേള്‍സ് സ്‌കൂളിലെ ഏതാനും ഹാളുകളിലും മുറികളിലും വച്ചാണ് മത്സരങ്ങള്‍ നടന്നത്. സമീപത്തുള്ള എസ്.ആര്‍.വി. സ്‌കൂളിലായിരുന്നു വിദ്യാര്‍ഥികളും അധ്യാപകരും രണ്ടുദിവസത്തെ കലോത്സവത്തിനായി ക്യാമ്പ് ചെയ്തത്.

60 പെണ്‍കുട്ടികളുള്‍പ്പെടെ നാന്നൂറോളം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ആദ്യ കലോത്സവത്തില്‍, ആകെ 13 ഇനങ്ങളിലായി 18 മത്സരങ്ങള്‍ ഉണ്ടായിരുന്നതായാണ് രേഖകളില്‍ കാണാനാവുന്നത്. പ്രസംഗം, പദ്യപാരായണം, ഉപകരണസംഗീതം, വായ്പാട്ട്, ഏകാംഗനൃത്തം, ചിത്രകല, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം, സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ലോ, ഷാഡോപ്ലെ എന്നിവയായിരുന്നു ഇനങ്ങള്‍. ഇവയില്‍ പ്രസംഗം, പദ്യപാരായണം, ഉപകരണസംഗീതം, വായ്പാട്ട്, ഏകാംഗനൃത്തം എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടത്തിയത്.

സംഗീതത്തിനും നൃത്തത്തിനുമെല്ലാം ഉപവിഭാഗങ്ങള്‍ ഉണ്ടായിരുന്നില്ല. ശാസ്ത്രീയസംഗീതവും ലളിതസംഗീതവുമെല്ലാം ആലപിച്ചവരില്‍നിന്നും ഒരു വിജയിയെ നിശ്ചയിച്ചു. അതുപോലെ നൃത്തവിഭാഗത്തില്‍ ക്ലാസിക്കല്‍ കേരള സ്റ്റൈല്‍, ഭരതനാട്യം, നാടോടിനൃത്തം, കഥകളി തുടങ്ങിയ നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചവരില്‍നിന്നും ഒരാള്‍ വിജയിയായി.

ചിത്രകല, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം എന്നിവ ഒരു പ്രദര്‍ശനമായാണ് നടത്തിയത്. പ്രധാനധ്യാപകരുടെ സാക്ഷ്യപത്രങ്ങളോടെ കൊണ്ടുവന്ന പ്രദര്‍ശനവസ്തുക്കള്‍ ഒരു മുറിയില്‍ പ്രദര്‍ശിപ്പിക്കുകയും വിധി കര്‍ത്താക്കള്‍ അവ പരിശോധിച്ച് സമ്മാനങ്ങള്‍ നിശ്ചയിക്കുകയും ചെയ്തു.

സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ലോ, ഷാഡോപ്ലേ എന്നീ ഗ്രൂപ്പിനങ്ങളില്‍, ഒരു ഗ്രൂപ്പില്‍ പതിനൊന്ന് അംഗങ്ങള്‍ വരെ അനുവദിക്കപ്പെട്ടിട്ടുണ്ടായിരുന്നു. നാടകത്തിന് 30 മിനിറ്റായിരുന്നു സമയപരിധി.

ഉത്സവത്തിന് എത്തിയവര്‍ക്കായി ഭക്ഷണം പാകം ചെയ്യാന്‍ അടുക്കള ഉണ്ടായിരുന്നില്ല. മത്സരത്തിനു വന്ന കുട്ടികളെയും അവരെ നയിച്ച അധ്യാപകരെയും ഗേള്‍സ് ഹൈസ്‌കൂളിനു എതിര്‍വശത്തുള്ള ഹോട്ടലിലേക്ക് ഭക്ഷണടിക്കറ്റും നല്‍കി വിടുകയാണുണ്ടായത്. കൂടാതെ യുവജനോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് യാത്രാപ്പടിയും കിട്ടിയിരുന്നു. ബസ്സ് ചാര്‍ജ്ജോ, മൂന്നാംക്ലാസ് ട്രെയിന്‍ ചാര്‍ജ്ജോ ആയിരുന്നു സൗജന്യത്തിന് വിധേയമായി അനുവദിച്ചത്. 12 മണിക്കൂറിലധികമുള്ള യാത്ര ചെയ്യേണ്ടി വന്നവര്‍ക്ക് യാത്രാവേളയിലെ ഭക്ഷണത്തിനായി ആളൊന്നിന് ഒരു രൂപ വീതം അധികം നല്‍കിയിരുന്നു.

ജനുവരി 27ന് വൈകീട്ട് കൊച്ചിന്‍ ഫോര്‍ട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീ. എം. എസ്. വെങ്കിട്ടരാമന്റെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ വെച്ച് ആദ്യ കലോത്സവത്തിന്റെ വിജയികള്‍ക്കുള്ള സമ്മാനദാനം നടന്നു. വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വെങ്കിടേശ്വരന്‍ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റുകളായിരുന്നു വിജയികള്‍ക്ക് നല്‍കിയത്. സമ്മാനദാനത്തിനു മുന്‍പായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കലാപ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

ആദ്യകാല കലോത്സവങ്ങള്‍

കേരളത്തിലെ ആദ്യമന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കുശേഷമായിരുന്നു രണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടന്നത്. 1958 ജനുവരിയില്‍ വിദ്യാഭ്യാസമന്ത്രി ശ്രീ. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മോഡല്‍ഹൈസ്‌കൂളില്‍ വെച്ച് മൂന്നു ദിവസമായാണ് മത്സരങ്ങള്‍ അരങ്ങേറിയത്.

ഗ്രൂപ്പിനങ്ങളില്‍ ആറുപേരില്‍ കൂടുതല്‍ പാടില്ല എന്നും ഭരതനാട്യം പെണ്‍കുട്ടികള്‍ക്ക് മാത്രമേയുള്ളൂവെന്നുമുള്ള നിബന്ധനകള്‍ 1958-ല്‍ നിലവില്‍വന്നു. വായ്പാട്ടിന് പള്ളുരുത്തിയിലെ യേശുദാസനും, മൃദംഗത്തിനു ജയചന്ദ്രന്‍ കുട്ടനും ഒന്നാം സമ്മാനം നേടിയത് ഈ മേളയിലാണ്. അവിടെനിന്നാണ് ഇവര്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കെ.ജെ.യേശുദാസായും പി. ജയചന്ദ്രനായും വളര്‍ന്നത്.

എറണാകുളത്തിനും തിരുവനന്തപുരത്തിനും ശേഷം മൂന്നാമത്തെ കലോത്സവം മലബാറിലെ ഏതെങ്കിലുമൊരു സ്ഥലത്ത് നടത്താമെന്ന ധാരണയിലെത്തിയിരുന്നു. പിന്നീട് വേദി പാലക്കാടായിരിക്കുമെന്ന പ്രഖ്യാപനമുണ്ടായി. എന്നാല്‍ പാലക്കാട് നഗരത്തില്‍ അക്കാലത്ത് വസൂരിരോഗം പടര്‍ന്നു പിടിച്ചതിനാല്‍, അവസാനം മേള ചിറ്റൂരിലേക്ക് മാറ്റുകയാണുണ്ടായത്.

നാലാം കലോത്സവം കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളില്‍ നടന്നു. മാതൃഭൂമി പത്രാധിപര്‍ ശ്രീ. കെ. പി. കേശവമേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ച ഈ മേളയില്‍ 800ഓളം കുട്ടികള്‍ പങ്കെടുത്തു. കോഴിക്കോട്ടെ കലോത്സവം കാണാന്‍ വന്‍ ജനത്തിരക്കായിരുന്നു. എന്‍.സി.സി, എം.സി.സി, സ്‌കൗട്ട്, ഗൈഡ് എന്നിവയുടെ സേവനം ജനത്തിരക്കു നിയന്ത്രിക്കുന്നതിനും അച്ചടക്കത്തോടുകൂടി മേള നടത്തുന്നതിനും പ്രയോജനപ്പെട്ടു. ശാസ്ത്രീയ സംഗീതത്തില്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് ഒന്നാം സ്ഥാനവും പാലാ സി.കെ. രാമചന്ദ്രന്‍ രണ്ടാം സ്ഥാനവും നേടിയത്, ഈ മേളയിലാണ്.

അഞ്ചാം സ്‌കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ വീണ്ടും തിരുവനന്തപുരത്തിന് അവസരം ലഭിച്ചു. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വച്ച് ഗവര്‍ണര്‍ ശ്രീ. വി. വി. ഗിരിയാണ് മേള ഉദ്ഘാടനം ചെയ്തത്. ഗവര്‍ണര്‍ അന്ന് എന്‍.സി.സിയുടെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുകയും വിദ്യാര്‍ഥികളുടെ മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു.

ചങ്ങനാശ്ശേരിയിലെ പെരുന്ന എന്‍. എസ്. എസ് കോളെജ് ഓഡിറ്റോറിയത്തില്‍ നടത്തിയ ആറാം കലോത്സവത്തില്‍ വിഭവസമൃദ്ധമായ സദ്യ മൂന്നു ദിവസവും ഏര്‍പ്പെടുത്തിയിരുന്നു. ഓരോ വിഭാഗത്തില്‍നിന്ന് ഓരോരുത്തരെ മാത്രം സംസ്ഥാനതലത്തിലേക്ക് പരിഗണിച്ചാല്‍ മതി എന്ന നിയമം ഉത്സവകമ്മിറ്റിയുടെ നിവേദനത്തെ തുടര്‍ന്ന് പരിഷ്‌കരിച്ചതും 1962ലായിരുന്നു. ജില്ലയില്‍ ഒന്നാം സമ്മാനം കിട്ടിയ എല്ലാവരെയും ഒറ്റക്കുള്ള ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവദിച്ചു.

ഒരു വിദ്യാഭ്യാസ വര്‍ഷത്തില്‍ ഏറ്റവും നേരത്തെ സംസ്ഥാനതല കലോത്സവം പൂര്‍ത്തിയാക്കിയത് 1962-63ലായിരുന്നു. തൃശൂര്‍ മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ ഏഴാമത് സംസ്ഥാന കലോത്സവം നടന്നത് 1962 നവംബര്‍ 29, 30, ഡിസംബര്‍ 1 എന്നീ തിയതികളിലായിരുന്നു. അങ്ങനെ 1962 കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് കലോത്സവങ്ങള്‍ നടക്കുകയും 1963ല്‍ നടക്കാതെ വരികയും ചെയ്തു.

ഒരു വിദ്യാഭ്യാസ ജില്ലയില്‍നിന്നും പരമാവധി 26 പേര്‍ക്ക് (19 ആണ്‍കുട്ടികള്‍, 7 പെണ്‍കുട്ടികള്‍) മാത്രമേ പങ്കെടുക്കാവൂ എന്നും നിജപ്പെടുത്തിയതും തൃശൂരിലെ ആദ്യ കലോത്സവത്തിലായിരുന്നു. പുല്ലാങ്കുഴല്‍ വായിച്ച് ശ്രീ. കെ. എസ്. ഗോപാലകൃഷ്ണന്‍ ഒന്നാം സമ്മാനം നേടിയതും ഇവിടെവെച്ചുതന്നെ.

എട്ടാമത് കലോത്സവ മത്സരങ്ങള്‍ക്കായി എസ്. സി. എസ്. ഗ്രൗണ്ടില്‍ പ്രത്യേക സ്റ്റേജും പന്തലും ഒരുക്കിയിരുന്നു. ഗ്രൂപ്പിനങ്ങളില്‍ ഒരു ജില്ലയില്‍നിന്നും ഒരു ഗ്രൂപ്പ് മാത്രം എന്നു തീരുമാനമായി. ഭരതനാട്യവും നാടോടിനൃത്തവുമൊഴിച്ചുള്ള മറ്റെല്ലാ ഇനങ്ങള്‍ക്കും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടന്നു. പ്രസംഗമത്സരത്തില്‍ ഇഷ്ടമുള്ള ഭാഷ തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യവും നല്‍കിയിരുന്നു.

ഷൊര്‍ണൂര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ കമനീയമായ പന്തലില്‍ വച്ചായിരുന്നു ഒമ്പതാമത് കലോത്സവം. 10,250 രൂപയുടെ ബഡ്ജറ്റുണ്ടായിരുന്ന ഈ കലോത്സവം പങ്കാളിത്തംകൊണ്ടും ക്രമീകരണങ്ങള്‍കൊണ്ടും ഏറെ പ്രശംസ പിടിച്ചുപറ്റി. എങ്കിലും ചില മത്സരങ്ങളുടെ നിലവാരം മോശമായിരുന്നു. (ഓട്ടന്‍തുള്ളലില്‍ വളരെ നിലവാരം കുറഞ്ഞ പ്രകടനം നടക്കുമ്പോള്‍, അന്നത്തെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ. വിശ്വംഭരന്‍ സ്റ്റേജില്‍ കയറിച്ചെന്ന് മത്സരം നിറുത്തുവാന്‍ ആജ്ഞാപിച്ച ഒരു സംഭവവുമുണ്ടായതായി പറയപ്പെടുന്നു. പരിശീലനക്കുറവും രക്ഷിതാക്കളുടെ താല്പര്യമില്ലായ്മയും ആയിരുന്നത്രേ കാരണങ്ങള്‍!)

സ്‌കൂള്‍ അടിസ്ഥാനത്തിലുള്ള കലോത്സവങ്ങള്‍ പൂജവെയ്പിനുള്ള അവധിക്കും ജില്ലാ അടിസ്ഥാനത്തിലുള്ളവ ക്രിസ്തുമസ് അവധിക്കാലത്തുമായിരുന്നു നടത്തിപോന്നിരുന്നത്. ഓരോ ജില്ലയില്‍നിന്നുമുള്ള വിദ്യാര്‍ത്ഥികളെ ഒന്നോ രണ്ടോ അദ്ധ്യാപകരാണ് സംസ്ഥാന തലത്തേക്ക് കൊണ്ടുപോയിരുന്നത്. രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം പോകുന്ന പതിവൊന്നും അന്നുണ്ടായിരുന്നില്ല.

ആദ്യ കലോത്സവങ്ങളിലെ ഗ്ലാമര്‍ ഇനം നാടകമായിരുന്നു എന്ന് പഴയ സംഘാടകരുടെയും അദ്ധ്യാപകരുടെയും അനുഭവക്കുറിപ്പുകളില്‍ കാണുന്നത്. നാടകങ്ങള്‍ കാണാന്‍ രാത്രി വൈകുവോളം സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകള്‍ തടിച്ചുകൂടുന്നത് കലോത്സവങ്ങളിലെ പതിവു കാഴ്ചയായിരുന്നു. എന്നാല്‍ അക്കാലത്ത് നൃത്ത ഇനങ്ങള്‍ക്ക് പൊതുജനങ്ങളെ കാര്യമായി ആകര്‍ഷിക്കാനായില്ല.

കലോത്സവ ചരിത്രത്തിന്റെ പ്രാരംഭഘട്ടത്തില്‍ സുപ്രധാനമായ സംഭാവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയായിരുന്നു ശ്രീ ഗണേശയ്യര്‍. കലാതല്‍പരനായിരുന്ന അദ്ദേഹം ചേര്‍ത്തല ഗവ. മോഡല്‍ ഹൈസ്‌കൂളിലെ പ്രധാനദ്ധ്യാപകനായിരുന്നു. പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഡപ്യൂട്ടി ഡയറക്ടറായാണ് റിട്ടയര്‍ ചെയ്തത്. കലോത്സവത്തിലെ മത്സര ഇനങ്ങള്‍ ചിട്ടപ്പെടുത്തുന്നതിലും ഓരോന്നിനുമുള്ള സമയപരിധി നിശ്ചയിക്കുന്നതിലും മൂല്യനിര്‍ണ്ണയോപാധികള്‍ നിജപ്പെടുത്തുന്നതിലുമെല്ലാം വളരെ ക്രിയാത്മകമായ പങ്ക് വഹിച്ചിട്ടുള്ള കര്‍മ്മയോഗിയായിരുന്നു അദ്ദേഹം.

1966, 67, 72, 73 എന്നീ വര്‍ഷങ്ങളില്‍ പാകിസ്ഥാനുമായുള്ള യുദ്ധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ദേശീയ അടിയന്തരാവസ്ഥ കാരണം കലോത്സവങ്ങള്‍ നടന്നില്ല. ആദ്യം കാശ്മീരിനെചൊല്ലിയും രണ്ടാം തവണ ബംഗ്ലാദേശ് വിമോചനത്തിന്റെ പേരിലുണ്ടായ ഇന്ത്യാ-പാക് യുദ്ധങ്ങളുമാണ് കലോത്സവ ചരിത്രത്തില്‍ വിടവുകള്‍ വീഴ്ത്തിയത്.

വളര്‍ച്ചയുടെ ഘട്ടങ്ങള്‍

1960കളുടെ അവസാനത്തോടെ വിദ്യാഭ്യാസമന്ത്രിമാര്‍ കലോത്സവത്തിന്റെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങി തുടങ്ങി. 1968ല്‍ തൃശൂരില്‍ നടന്ന പത്താമത് സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തത് വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. സി. എച്ച്. മുഹമ്മദ്‌കോയ ആയിരുന്നു. സമാപന ദിവസം മുഖ്യമന്ത്രി ശ്രീ. ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു സമ്മാനദാനം നിര്‍വഹിച്ചത്. പിന്നീടിങ്ങോട്ട് നടന്ന കലോത്സവങ്ങളിലെല്ലാം മുഖ്യമന്ത്രിയും മറ്റു പ്രമുഖ മന്ത്രിമാരും മേളകളില്‍ സ്ഥിരമായി സംബന്ധിച്ചുപോന്നു. കലോത്സവങ്ങള്‍ക്ക് കൂടുതല്‍ മാധ്യമശ്രദ്ധയും പൊതുജനപങ്കാളിത്തവും ഉണ്ടാവാന്‍ അത് കാരണമായി.

1970 ആയപ്പോഴേക്കും കലോത്സവത്തില്‍ വലിയ പന്തലുകളും ഉയര്‍ന്ന സ്റ്റേജും ഒക്കെ സജ്ജീകരിക്കാന്‍ തുടങ്ങി. 1971ല്‍ ആലപ്പുഴയില്‍ നടന്ന മേളയില്‍ പ്രത്യേകം ചിട്ടപ്പെടുത്തി അവതരിപ്പിച്ച യുവജനോത്സവഗാനം എല്ലാവരെയും ആകര്‍ഷിച്ചു. എല്ലാ ജില്ലകളുടെയും പതാകകള്‍ ഉയര്‍ത്തുന്ന ചടങ്ങ് ഏര്‍പ്പെടുത്തി. സമ്മാനാര്‍ഹമായ ഇനങ്ങള്‍ ആകാശവാണി പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി.

പണ്ഡിതനും കലാതല്‍പരനുമായ ശ്രീ. ആര്‍. രാമചന്ദ്രന്‍നായര്‍ വിദ്യാഭ്യാസ ഡയറക്ടറായി ചുമതല ഏറ്റെടുത്തതോടുകൂടി കലോത്സവത്തിന്റെ ഒരു പരിവര്‍ത്തനഘട്ടത്തിന് തുടക്കമായി. ജനസാധീനമുള്ള കൂടുതല്‍ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി, മത്സരഇനങ്ങളില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഉണ്ടായി.

1976ല്‍ കോഴിക്കോട്ടെത്തിയപ്പോഴേക്കും കലോത്സവം വളരെ വിപുലവും പ്രൊഫഷണലും ആയി സംഘടിപ്പിക്കപ്പെട്ടുതുടങ്ങി. കേരളത്തിന്റെ തനതു കലാരൂപങ്ങള്‍ക്കെല്ലാം പ്രാതിനിധ്യം നല്‍കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത ശ്രീ. ആര്‍. രാമചന്ദ്രന്‍നായരുടെ കാലഘട്ടം കലോത്സവത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ്. കാവ്യകേളി, അക്ഷരശ്ലോകം, തിരുവാതിരക്കളി, പഞ്ചവാദ്യം, ചെണ്ടമേളം തുടങ്ങിയ കലാരൂപങ്ങള്‍ കാലഹരണപ്പെട്ടു പോകാതിരിക്കാന്‍ എടുത്ത നടപടി സാംസ്‌കാരിക കേരളം എന്നും ഓര്‍ത്തുവെക്കും.
കലോത്സവ വേദികളിലെ വാര്‍ത്തകളും വിശേഷങ്ങളും മറ്റു കലാസൃഷ്ടികളും ഉള്‍പ്പെടുത്തിക്കൊണ്ട് സ്മരണിക പുറത്തിറക്കുന്ന സമ്പ്രദായത്തിന് 1968-ല്‍ തൃശൂരില്‍ തുടക്കമായി. വിജയികളുടെയും സംഘാടകരുടെയും വിധികര്‍ത്താക്കളുടെയുമെല്ലാം പേരുവിവരങ്ങളുമായി ഇറങ്ങിയ സ്മരണികകള്‍ ഓരോ കലോത്സവങ്ങളുടെയും ചരിത്രശേഷിപ്പുകളായി.

വൈലോപ്പിള്ളി, പാറപ്പുറത്ത്, സുകുമാര്‍ അഴീക്കോട്, പവനന്‍, വത്സല ടീച്ചര്‍, കുഞ്ഞുണ്ണിമാഷ് തുടങ്ങിയവര്‍ പത്രാധിപരായി വര്‍ത്തിച്ചപ്പോള്‍ സ്മരണികകള്‍ മലയാളഭാഷക്കുള്ള കലോപഹാരങ്ങളായി. ജി ശങ്കരക്കുറുപ്പ്, ബാലാമണിയമ്മ, തകഴി, ബഷീര്‍, ലളിതാംബിക അന്തര്‍ജ്ജനം, മാലി, കാരൂര്‍, ഉറൂബ്, ഒ. എന്‍.വി, എം. വി. ദേവന്‍, എം. പി. അപ്പന്‍, തുടങ്ങി അനേകം സാഹിത്യ കുലപതിമാര്‍ സ്മരണികകളില്‍ സദ്യവട്ടം ഒരുക്കി.

കലോത്സവത്തിനു മുന്നോടിയായി വര്‍ണ്ണശബളമായ ഘോഷയാത്ര ഒരുക്കുന്ന പതിവ് 1976ല്‍ കോഴിക്കോടാണ് തുടങ്ങിയത്. മാനാഞ്ചിറ മൈതാനത്തുനിന്നും തുടക്കം കുറിച്ച് സാമൂതിരി ഹൈസ്‌കൂളിലെ നഗരിയിലേക്ക് ഘോഷയാത്ര നീങ്ങിയത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ. കെ. കരുണാകരന്റെ നേതൃത്വത്തിലായിരുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും വിവിധ ജില്ലകളെ പ്രതിനിധീകരിച്ചെത്തിയെ വിദ്യാര്‍ത്ഥി സംഘങ്ങളും ബാന്റുവാദ്യക്കാരും, കോല്‍ക്കളി സംഘങ്ങളും, അലങ്കരിച്ച വാഹനങ്ങളില്‍ ഒരുക്കിയ നിശ്ചലദൃശ്യങ്ങളുമെല്ലാം അന്ന് കാണികളെ ആവേശഭരിതരാക്കി.

1982 ല്‍ ശ്രീ. ടി. എം. ജേക്കബ്ബ് വിദ്യാഭ്യാസ മന്ത്രിയായി ചാര്‍ജ്ജെടുത്തത് കലോത്സവ ചരിത്രത്തിലെ മറ്റൊരു സുപ്രധാന ഏടായി. അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ മത്സരങ്ങളുടെ എണ്ണവും പ്രാതിനിധ്യവും ഏതാണ്ട് ഇരട്ടിയായി. പരമാവധി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാനും, എല്ലാ കേരളീയ കലാരൂപങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കാനും, കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കാനുമുള്ള സജീവമായ നടപടികള്‍ അക്കാലത്ത് ഉണ്ടായി.

1985ല്‍ എറണാകുളത്ത് കലോത്സവത്തിന്റെ രജത ജൂബിലി കൊണ്ടാടിയപ്പോഴേക്കും അതൊരു നിറപ്പകിട്ടാര്‍ന്ന മേളയായി മാറിക്കഴിഞ്ഞിരുന്നു. അന്ന് സമ്മേളന നഗരിയിലുണ്ടായിരുന്ന ശ്രീ. വൈലോപ്പിള്ളി, മേളയിലെ ചാമ്പ്യന്‍മാരാവുന്ന ജില്ലയ്ക്കും വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കും സ്വര്‍ണകപ്പുകള്‍ ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ശ്രീ. ടി. എം. ജേക്കബിന്റെ മുന്നില്‍വച്ചു.

തിലകവും പ്രതിഭയും

തൃശൂരില്‍ 1986ല്‍ നടന്ന മേളയില്‍ ആദ്യമായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങള്‍ ഏര്‍പ്പെടുത്തി. കവി ചെമ്മനംചാക്കോ ആയിരുന്നു പട്ടങ്ങളുടെ പേര് നിര്‍ദ്ദേശിച്ചത്.
കണ്ണൂരിന്റെ ആര്‍. വിനീതും കൊല്ലത്തിന്റെ പൊന്നമ്പിളിയും പ്രഥമ പട്ടങ്ങള്‍ സ്വന്തമാക്കി. വിനീതും പൊന്നമ്പിളിയും പിന്നീട് അഭ്രപാളികളിലെ താരങ്ങളായി. വിനീത് കുമാര്‍, വിന്ദുജമേനോന്‍, മഞ്ജുവാര്യര്‍, അമ്പിളീദേവി തുടങ്ങിയ പ്രതിഭ-തിലകം പട്ടങ്ങള്‍ നേടിയ പലരും പിന്നീട് സിനിമാരംഗത്ത് ശ്രദ്ധേയരായി.

നൃത്ത-നൃത്തേതര ഇനങ്ങളില്‍ ഒരുപോലെ തിളങ്ങുന്നവര്‍ക്കുമാത്രം കലാപ്രതിഭ-കലാതിലകം പട്ടങ്ങള്‍ നല്‍കിയാല്‍ മതി എന്ന പരിഷ്‌കാരം 1999ല്‍ നിലവില്‍ വന്നു. ആ വര്‍ഷമടക്കം പിന്നീട് പലപ്പോഴും കലാപ്രതിഭ പട്ടങ്ങള്‍ക്ക് അവകാശികളില്ലാതെ വന്നു. അനാരോഗ്യകരമായ മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി പിന്നീട് പട്ടങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കി. 2005ല്‍ ആതിര. ആര്‍.നാഥായിരുന്നു അവസാനമായി പട്ടം നേടിയത്.

ഏറ്റവും കൂടുതല്‍ കലാതിലകങ്ങളുണ്ടായത് പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ നിന്നാണ് - 5 എണ്ണം. കലാപ്രതിഭകളില്‍ അഞ്ച് പട്ടങ്ങളുമായി കോട്ടയമാണ് മുന്നില്‍.

കലാതിലകം പട്ടത്തിന് അര്‍ഹയാണെന്ന കോടതി വിധി നേടി തൊട്ടടുത്തവര്‍ഷത്തെ ഉദ്ഘാടന സമ്മേളനത്തില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ അനുഭവമുള്ളത് തൃശ്ശൂരില്‍ നിന്നുള്ള അപര്‍ണ്ണ കെ. ശര്‍മ്മയ്ക്കാണ്. 2000-ല്‍ പാലക്കാട് വച്ച് നടന്ന കലോത്സവത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ കലാതിലകപട്ടം നിഷേധിക്കപ്പെട്ട അപര്‍ണ്ണ, പിന്നീട് കോടതി കയറി അനുകൂല വിധി നേടുകയും 2001-ല്‍ തൊടുപുഴയില്‍ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി ശ്രീ പി.ജെ. ജോസഫിന്റെ കയ്യില്‍നിന്നും കിരീടം സ്വീകരിക്കുകയും ചെയ്തു.

സ്വര്‍ണ്ണക്കപ്പ്

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കുള്ള ഈ സമ്മാനം, മേളയുടെ പ്രധാന ആകര്‍ഷണമാണ്. സ്വര്‍ണ്ണക്കപ്പിന്റെ ചരിത്രത്തിലേക്ക്.....

1985ല്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ രജതജൂബിലി കലോത്സവം നടക്കുന്നു. അന്നു പദ്യപാരായണത്തിലും കവിതാ രചനയ്ക്കും അക്ഷരശ്ലോകത്തിനും ജഡ്ജിയായി വന്നത് മഹാകവി ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍. തൊട്ടടുത്തെ മഹാരാജാസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നെഹ്രു സ്വര്‍ണ്ണക്കപ്പിനായുള്ള അന്താരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ്.

പന്തുകളിക്കുന്നവര്‍ക്ക് സ്വര്‍ണ്ണക്കപ്പ് കിട്ടുമ്പോള്‍ കലോത്സവ ചാമ്പ്യന്മാര്‍ക്കും അതു കിട്ടേണ്ടേ എന്ന് വൈലോപ്പിള്ളിക്കു തോന്നി. അദ്ദേഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനു മുന്നില്‍ തന്റെ നിര്‍ദ്ദേശം വച്ചു- കഴിയുമെങ്കില്‍ 101 പവനുള്ള ഒരു സ്വര്‍ണ്ണക്കപ്പ് കലോത്സവത്തിനും ഏര്‍പ്പെടുത്തണമെന്ന്. വൈലോപ്പിള്ളിയുടെ ആശയം അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ സാക്ഷാത്കരിക്കുമെന്ന് ശ്രീ ടി.എം. ജേക്കബ് സമാപന സമ്മേളനത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.

അടുത്ത വര്‍ഷത്തെ കലോത്സവം കേരളത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണക്കടകള്‍ ഉള്ള തൃശ്ശൂര്‍ നഗരത്തില്‍ വച്ചായിരുന്നു. മന്ത്രിയും വിദ്യാഭ്യാസ ഡയറക്ടറും തൃശ്ശൂരില്‍ ഉള്ള സ്വര്‍ണ്ണക്കടക്കാരെ ഒരു തേയില സല്‍ക്കാരത്തിന് വിളിക്കുകയും, 101 പവന്റെ സ്വര്‍ണ്ണക്കപ്പിന് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. എന്നാല്‍ അതിന്റെ നാലിലൊന്നുപോലും വാഗ്ദാനം ലഭിച്ചില്ല. വാക്ക് പാലിക്കാന്‍ കഴിയാതെ നിരാശനായ മന്ത്രി ആ വര്‍ഷം ജേതാക്കള്‍ക്ക് നടരാജവിഗ്രഹം പ്രതിഷ്ഠിച്ച കപ്പില്‍ ആറു പവന്റെ സ്വര്‍ണ്ണം പൂശി നല്‍കി.

വരുന്ന വര്‍ഷമെങ്കിലും സ്വര്‍ണ്ണക്കപ്പ് ഏര്‍പ്പെടുത്തിയേ തീരു എന്ന ഉറച്ച തീരുമാനമെടുത്ത മന്ത്രി ശ്രീ ടി.എം. ജേക്കബ് വളരെ നേരത്തെത്തന്നെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിദ്യാഭ്യാസ മേഖലയുമായി ബന്ധമുള്ള ഓഫീസര്‍മാര്‍, മാനേജര്‍മാര്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അങ്ങനെ സ്വര്‍ണ്ണക്കപ്പിനുള്ള പണം പിരിച്ചെടുത്തു.

പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ 'വിദ്യാരംഗ'ത്തിന്റെ ആര്‍ട്ട് എഡിറ്ററായിരുന്ന ശ്രീ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരായിരുന്നു കപ്പിന്റെ രൂപകല്‍പ്പന ചെയ്തത്. ശ്രീകണ്ഠന്‍ നായര്‍ കപ്പിന്റെ മാതൃക തയ്യാറാക്കുന്നതിനു മുന്‍പ് ഗുരുവായൂരില്‍ വച്ച് വൈലോപ്പിള്ളിയെ കണ്ടിരുന്നു. വിദ്യ, കല, നാദം എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള കപ്പ് നന്നായിരിക്കുമെന്ന് വൈലോപ്പിള്ളി നിര്‍ദ്ദേശിക്കുകയും ചെയ്തു. തൃശ്ശൂരിലെ ബെന്നി ടൂറിസ്റ്റ്‌ഹോമിലിരുന്ന് കേവലം ഒറ്റ ദിവസം കൊണ്ടാണ് ശ്രീകണ്ഠന്‍നായര്‍ രൂപകല്‍പ്പന തയ്യാറാക്കിയത്.

പത്തനംതിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറിയായിരുന്നു സ്വര്‍ണ്ണക്കപ്പുണ്ടാക്കാന്‍ ടെണ്ടര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ മുത്തുസ്വാമി കോളനിയിലെ ടി.വി.ആര്‍ നാഗാസ് വര്‍ക്‌സിനെയായിരുന്നു കപ്പുണ്ടാക്കാനുള്ള പണി ഏല്‍പ്പിച്ചത്. 101 പവനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായപ്പോഴേക്കും 117.5 പവനായി. വര്‍ക്‌സ് ഉടമകളായ ടി. ദേവരാജനും ചിറ്റപ്പന്‍ വി. ദണ്ഡപാണിയുമായിരുന്നു പണിതീര്‍ത്ത കപ്പ് 1987ല്‍ കോഴിക്കോട്ടെത്തിച്ചത്. രണ്ടേകാല്‍ ലക്ഷം രൂപയായിരുന്നു അന്ന് കപ്പുണ്ടാക്കാന്‍ ചെലവായത്. അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്.

വീട്ടിയില്‍ തീര്‍ത്ത പീഠത്തിലായിരുന്നു 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള വളയിട്ടകയ്യില്‍ വലംപിരിശംഖ് പിടിച്ചതുപോലെ സ്വര്‍ണ്ണക്കപ്പ്. തിരുവിതാംകൂര്‍ രാജ്യചിഹ്നത്തെ ഓര്‍മ്മിപ്പിക്കുന്ന രൂപമായിരുന്നു കപ്പിന്. വീട്ടിയില്‍ തീര്‍ത്ത പീഠത്തിനു മുകളില്‍ ഗ്രന്ഥവും, അതിന്റെ മുകളില്‍ കൈ, അതിനും മേലെ ശംഖ്. ഈ ഗ്രന്ഥത്തിലെ അറിവ് എന്നിലേക്ക് പകരണമേ എന്നാണ് സാരം.
1987ല്‍ കോഴിക്കോട് വച്ചു നടന്ന കലോത്സവത്തില്‍ ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല ആദ്യമായി സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടു.
കപ്പിന് താഴെ വെള്ളിത്തകിടില്‍ Education Minister Golden Trophy എന്നും, അതിനു കീഴെയായി Instituted by T.M. Jacob, Minister for Education during 1986-87 എന്നും ആലേഖനം ചെയ്തുവച്ചിരുന്നത് വിവാദമായി. വരി മായ്ക്കണമെന്ന ആവശ്യം ഉയര്‍ന്നു. 1987ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ വരികയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ. ചന്ദ്രശേഖരന്‍, മുന്‍ മന്ത്രിയുടെ പേര് കപ്പില്‍ നിന്നും മായ്ക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. 1988ല്‍ കൊല്ലത്തുനടന്ന കലോത്സവത്തില്‍ പേരു മായ്ച്ച സ്വര്‍ണ്ണക്കപ്പ് ജേതാക്കളേറ്റുവാങ്ങി.

ഗ്രേഡിംഗ് സംവിധാനം വരികയും, പ്രതിഭാ-തിലകം പട്ടങ്ങള്‍ എടുത്തുകളയുകയും ചെയ്തിട്ടും സ്വര്‍ണ്ണക്കപ്പ് ഇന്നും നിലനില്‍ക്കുന്നു. കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണവും ഇതുതന്നെ. ജേതാക്കള്‍ക്ക് ഒരു ദിവസം മാത്രമേ സ്വര്‍ണ്ണക്കപ്പ് കൈവശം വയ്ക്കാനാവൂ. പിന്നീട് പൊലീസ് അകമ്പടിയോടെ ജേതാക്കളുടെ ജില്ലാ ട്രഷറിയില്‍ എത്തിക്കുകയും അടുത്ത കലോത്സവം വരെ അവിടെ സൂക്ഷിക്കുകയും ചെയ്യുന്നു.

ഗ്രേഡിംഗ് സംവിധാനം വരികയും, പ്രതിഭാ-തിലകം പട്ടങ്ങള്‍ എടുത്തുകളയുകയും ചെയ്തിട്ടും സ്വര്‍ണ്ണക്കപ്പ് ഇന്നും നിലനില്‍ക്കുന്നു. കലോത്സവത്തിന്റെ പ്രധാന ആകര്‍ഷണവും ഇതുതന്നെ. ജേതാക്കള്‍ക്ക് ഒരു ദിവസം മാത്രമേ സ്വര്‍ണ്ണക്കപ്പ് കൈവശം വയ്ക്കാനാവൂ. പിന്നീട് പൊലീസ് അകമ്പടിയോടെ ജേതാക്കളുടെ ജില്ലാ ട്രഷറിയില്‍ എത്തിക്കുകയും അടുത്ത കലോത്സവം വരെ അവിടെ സൂക്ഷിക്കുകയും ചെയ്യുന്നു.

1987ല്‍ കോഴിക്കോട്ട് അവതരിപ്പിച്ച സ്വര്‍ണ്ണക്കപ്പ് ഏറ്റവും കൂടുതല്‍ തവണ നേടാനായതും കോഴിക്കോടിനുതന്നെ - 9 തവണ. കപ്പില്‍ ആദ്യത്തെ മൂന്നു തവണയും മുത്തമിട്ട തിരുവനന്തപുരത്തിന് പിന്നീടിങ്ങോട്ട് അത് കിട്ടാക്കനിയായി. എറണാകുളം നാലു തവണയും തൃശ്ശൂരും കണ്ണൂരും മൂന്നു തവണ വീതവും പാലക്കാട് രണ്ട് തവണയും സ്വര്‍ണ്ണക്കപ്പ് സ്വന്തമാക്കി. അതില്‍ രണ്ടായിരത്തില്‍ നടന്ന കലോത്സവത്തില്‍ എറണാകുളവും കണ്ണൂരും കപ്പ് പങ്കിടുകയാണ് ചെയ്തത്.

2009ല്‍ ഹൈസ്‌കൂള്‍-ഹയര്‍സെക്കണ്ടറി മേളകള്‍ ഒന്നാക്കിയതോടൊപ്പം കപ്പിന്റെ അവകാശികളെ കണ്ടെത്തുന്നതിലും പരിഷ്‌കാരമായി. രണ്ടു വിഭാഗങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്കാണ് ഇപ്പോള്‍ കപ്പു നല്‍കുന്നത്.

വേദികളിലൂടെ

1957ലെ ആദ്യ കലോത്സവത്തിന് വേദിയാവാന്‍ ഭാഗ്യം ലഭിച്ചത് എറണാകുളത്തിനായിരുന്നു. തിരുവനന്തപുരത്തുവച്ചു നടത്താന്‍ തീരുമാനിച്ചിരുന്ന കലോത്സവം ചില പ്രതികൂല സാഹചര്യങ്ങളാല്‍ അവസാന നിമിഷം എറണാകുളത്തേക്ക് മാറ്റുകയാണുണ്ടായത്. അന്നുതൊട്ട് ഇങ്ങോട്ടുള്ള 50 കലോത്സവങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ആതിഥ്യമരുളാന്‍ സാധിച്ചതും എറണാകുളം നഗരത്തിനു തന്നെയാണ്- 7 തവണ. ആറു തവണവീതം ആതിഥേയരായ തൃശ്ശൂരും കോഴിക്കോടും തൊട്ടുപുറകിലും. ഇതുവരെയും സംസ്ഥാന കലോത്സവത്തിന് വേദിയൊരുക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഏക ജില്ല വയനാടാണ്.

ചാമ്പ്യന്‍മാരിലൂടെ

കലോത്സവമെന്നാല്‍ ഒരുകാലത്ത് തിരുവനന്തപുരം ജില്ലയുടെ കുത്തകയായിരുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദകാലമായി ഒരു തവണ പോലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ സാധിച്ചില്ലെങ്കിലും, ഇന്നും ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്‍മാരായതിന്റെ റെക്കോര്‍ഡ് തിരുവനന്തപുരത്തിനു തന്നെയാണ് -17 തവണ. 1980 മുതല്‍ തുടര്‍ച്ചയായി പത്തു തവണ ചാമ്പ്യന്‍ഷിപ്പ് നേടിയ സുവര്‍ണ്ണചരിത്രവുമുണ്ട് തിരുവനന്തപുരത്തിന്.

ഇന്നത്തെ കണ്ണൂരും കാസര്‍കോടും അടങ്ങിയ വടക്കേ മലബാര്‍ ജില്ലയായിരുന്നു ആദ്യ കലോത്സവത്തിലെ ചാമ്പ്യന്‍മാര്‍. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി, കോഴിക്കോട് ജില്ലയാണ് കലോത്സവത്തില്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. 1990ന് ശേഷം രണ്ട് ഹാട്രിക് അടക്കം 9 തവണ കോഴിക്കോട് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്.

മൂന്നുതവണ കലോത്സവ കിരീടം പങ്കിടേണ്ടിവന്നിട്ടുണ്ട്. 1975ല്‍ 301 പോയിന്റോടെ കോട്ടയവും ഇരിങ്ങാലക്കുടയും, 1980ല്‍ തിരുവനന്തപുരവും ആലുവയും, ഏറ്റവും ഒടുവില്‍ മില്ലേനിയം കലോത്സവമായ 2000ല്‍ 301 പോയിന്റോടെ കണ്ണൂരും എറണാകുളവും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കപ്പെട്ടത്. ഈ വര്‍ഷങ്ങളില്‍ ആറുമാസം വീതം ഓരോ ജില്ലയും ഓവറോള്‍ ട്രോഫി കൈവശം വയ്ക്കുകയാണ് ഉണ്ടായത്. 1975ലും ടോസിട്ടും 2000ല്‍ അക്ഷരമാലാക്രമത്തിലുമാണ് ട്രോഫി ആദ്യം ആരു കൈവശവയ്ക്കണമെന്നു തീരുമാനിച്ചത്.

ഏറ്റവും നേരിയ മാര്‍ജിനില്‍ ചാമ്പ്യന്മാരായതിന്റെ റെക്കോര്‍ഡ് കോഴിക്കോടിനാണ്. 2007ല്‍ ഹാട്രിക് സ്വപ്നവുമായി എത്തിയ പാലക്കാടിനെ കേവലം ഒരു പോയിന്റ് മറികടന്നാണ് കോഴിക്കോട് അന്ന് കപ്പില്‍ മുത്തമിട്ടത്. അപ്പീലുകള്‍ അപ്പീലുകള്‍ ആവശ്യത്തിലേറെ അനുവദിച്ചുകൊണ്ട് കോഴിക്കോടിനെ സംഘാടകര്‍ സഹായിക്കുകയായിരുന്നു എന്ന് ആരോപിച്ച് രണ്ടാം സ്ഥാനക്കാരായ പാലക്കാട് അന്ന് പ്രതിഷേധ സൂചകമായി റണ്ണേഴ്‌സ് അപ്പ് ട്രോഫി ഏറ്റുവാങ്ങിയില്ല.


പരിഷ്‌കാരങ്ങള്‍ പിന്നെയും

നൂറുകണക്കിന് ഇനങ്ങളും ആയിരക്കണക്കിന് മത്സരാര്‍ത്ഥികളുമായി അരങ്ങേറുന്ന കലോത്സവത്തിന്റെ റജിസ്‌ട്രേഷന്‍ നടപടികള്‍ അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഒന്നായിരുന്നു. ഒരുപാട് അദ്ധ്യാപകര്‍ ആഴ്ചകളോളം ഇരുന്നായിരുന്നു ഇതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരുന്നത്. റജിസ്‌ട്രേഷന്‍ നടപടികളും ഫലപ്രഖ്യാപനവുമെല്ലാം വേഗത്തിലും എളുപ്പത്തിലുമാക്കാനായി 2001-ല്‍ നൂറു ശതമാനം കമ്പ്യൂട്ടര്‍വല്‍ക്കരണം കൊണ്ടുവന്നു.

അന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ശ്രീ വി.പി. ജോയ് ആയിരുന്നു അതിന് മുന്‍കൈ എടുത്തത്. ഐ.എസ്.ആര്‍.ഒ.യില്‍നിന്നും രാജിവെച്ച് തൃശ്ശൂരിലെ ഡോണ്‍ബോസ്‌കോ സ്‌കൂളില്‍ ഐ.ടി. അദ്ധ്യാപകനായി ജോലി നോക്കിയിരുന്ന ശ്രീ ഗ്രിഗറി ആണ് കലോത്സവത്തിലെ റജിസ്‌ട്രേഷന്‍ നടപടികള്‍ അത്യന്തം ലഘൂകരിച്ചുകൊണ്ടുള്ള സോഫ്ട്‌വെയര്‍ രൂപകല്‍പ്പന ചെയ്തത്.

സബ്ജില്ലാതലത്തില്‍നിന്നുതന്നെ സോഫ്ട്‌വെയര്‍ അനായാസം ഉപയോഗിച്ചുതുടങ്ങി. ഒരുതലത്തില്‍ നിന്നും അടുത്തതലത്തിലേക്കുള്ള വിവരങ്ങളുടെ ചിട്ടയായ ഒഴുക്ക് കലോത്സവനടത്തിപ്പില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു. ഞൊടിയിടയില്‍ ഫലപ്രഖ്യാപനവും സ്‌ക്രീന്‍ ഡിസ്‌പ്ലെയുമെല്ലാം സാധ്യമായി. 2003-ല്‍ ആലപ്പുഴയില്‍ നടന്ന കലോത്സവത്തോടുകൂടി സര്‍ട്ടിഫിക്കറ്റുകളും സോഫ്ട്‌വെയര്‍ ഉപയോഗിച്ച് തല്‍ക്ഷണം തയ്യാറാക്കാന്‍ തുടങ്ങി.

തുടര്‍ച്ചയായി ഏഴു വര്‍ഷങ്ങളില്‍ ശ്രീ. ഗിഗറി സോഫ്ട്‌വെയര്‍ നിയന്ത്രിക്കുകയുണ്ടായി. യാതൊരു പ്രതിഫലവും വാങ്ങാതെ ഈ സോഫ്ട്‌വെയര്‍ കലോത്സവ നടത്തിപ്പിന്നായി നല്‍കിയ അദ്ദേഹം മേളകള്‍ക്കിടെ പലപ്പോഴുമായുണ്ടായ തിക്താനുഭവങ്ങളില്‍ പരിഭവിച്ച് കഴിഞ്ഞ നാലു വര്‍ഷമായി വേദികളില്‍ നിന്നും അകന്നു നില്‍ക്കുന്നു.

1992ല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കലോത്സവ മാന്വല്‍ പുറത്തിറക്കിയിരുന്നു. മത്സരങ്ങള്‍ക്കും നടത്തിപ്പിനും ഏകതാനമായ ഒരു രൂപം കൈവരുത്താനായിരുന്നു അത്. പ്രൈമറി തലത്തില്‍ മാത്രമായിരുന്ന ബാലകലോത്സവം യു. പി. തലംവരെ ആക്കിയതും അതിന് റവന്യൂജില്ലാതലം വരെ പരിധി നിശ്ചയിച്ചതും 1992ലായിരുന്നു. സംസ്ഥാനതല മത്സരങ്ങള്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാത്രമാക്കുകയും ചെയ്തു.

യുവജനോത്സവവും സംസ്‌കൃതോത്സവവും സമന്വയിപ്പിച്ച് ഒരു മേളയാക്കിയതും 1992ല്‍ തന്നെ. പിന്നീട് 1995ല്‍ കണ്ണൂരില്‍വെച്ച് ടി.ടി.ഐ. കലോത്സവവും പി.പി.ടി.ടി.ഐ കലോത്സവവും ഈ മഹാമേളയുടെ ഭാഗമായി. ഒടുവില്‍ 2009ല്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയെല്ലാം ചേര്‍ത്ത് ഒരു മഹാമേളയായി നടത്താന്‍ തീരുമാനമായി. ടി.ടി.ഐ. കലോത്സവങ്ങള്‍ വേര്‍പെടുത്തുകയും ചെയ്തു.

അനാരോഗ്യകരമായ മത്സരബുദ്ധിക്ക് കടിഞ്ഞാണിടാന്‍ 2006ല്‍ ഗ്രേഡിംഗ് സംവിധാനവും കൊണ്ടുവന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ പ്രഖ്യാപിക്കുന്ന പതിവ് ഉപേക്ഷിച്ചു. മത്സരമല്ല ഉത്സവമാണ് നമുക്ക് വേണ്ടത് എന്ന കുഞ്ഞുണ്ണിമാഷിന്റെ ഉപദേശത്തെ അനുസരിച്ചുകൊണ്ടുള്ള നിയമാവലികള്‍ക്കും നടത്തിപ്പിനുമാണ് പൊതുവിദ്യാഭ്യാസ വകുപ്പും സംഘാടകരും ഇന്ന് പ്രാധാന്യം നല്‍കുന്നത്.

1957ല്‍ കേവലം 400ഓളം വിദ്യാര്‍ത്ഥികള്‍ക്ക് 20ല്‍ ചുവടെയുള്ള മത്സരങ്ങളില്‍ക്കായി ഒരു വേദിയില്‍വെച്ച് സംഘടിപ്പിക്കപ്പെട്ട സ്‌കൂള്‍ കലോത്സവം, ഇന്ന് 200ല്‍ പരം മത്സരങ്ങളില്‍ 10,000 ത്തോളം വിദ്യാര്‍ത്ഥികള്‍ 16 വേദികളിലായി മാറ്റുരയ്ക്കുന്ന മഹോത്സവമായി മാറിക്കഴിഞ്ഞിരിക്കുന്നു. കേരളത്തിന്റെ സാംസ്‌കാരിക മഹിമയ്ക്ക് തിലകക്കുറിയായ ഈ മേളയുടെ പെരുമ ലോകം മുഴുവന്‍ അറിയുന്ന കാലം വിദൂരമല്ല.

1 comment: