നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

20.9.10

അമ്മാളുവും എണ്ണല്‍ സംഖ്യകളും.

ഇന്ന് രാവിലെ അമ്മാളു എന്റെ കൂടെ നടക്കാനുണ്ടായിരുന്നു. അമ്മാളുവിന്റെ കൂട്ടൂകാര്‍ ഇന്നില്ലായിരുന്നു. കണ്ണിനു ദീനമാണെന്ന് അമ്മാളു പറഞ്ഞു. അതുകൊണ്ട് എനിക്ക് അമ്മാളുവിനോടു വര്‍ത്തമാനം പറയാന്‍ കഴിഞ്ഞു.

അമ്മാളുവിനെപ്പറ്റി ഞാനെന്നും കേള്‍ക്കാറുണ്ട്. അമ്മാളുവാണ് നാട്ടു വിശേഷങ്ങള്‍ എത്തിക്കുന്നതും. ആരെക്കുറിച്ചും അമ്മാളുവിനറിയാം.

ഞങ്ങള്‍ ഇങ്ങനെ നടന്നുപോയപ്പോള്‍ ഞങ്ങളെ കടന്ന് മുന്നിലേക്ക് വേഗത്തില്‍ പോയ ആളിനെ ചൂണ്ടി ഞാന്‍ ചോദിച്ചു ഇയാളിനെ അറിയാമോ എന്ന? ഇന്നിടത്തു താമസിക്കുന്ന ഇന്നാരാണെന്ന് അമ്മാളു മറുപടി പറഞ്ഞു.ഈ അമ്മാളുവിന് എല്ലാരെയും അറിയാമല്ലോ എന്നു ഞാനും പറഞ്ഞു.

ഞാനിങ്ങനെ ഓരോന്നു അമ്മാളുവിനോടു ചോദിച്ചു തുടങ്ങി. അമ്മാളുവിനെ തനിയെ കിട്ടുമ്പോള്‍ ചോദിക്കാനായി കരുതിയ ചോദ്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ അമ്മാളു എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞില്ല. അമ്മാളുവിന് ഇഷ്ടമല്ലാത്തവക്ക് അമ്മാളു മൌനം പാലിച്ചു. ഞാന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചപ്പോഴും അതു തന്നെ മറുപടി. അപ്പോഴാണ് അമ്മാളുവിനെ എനിക്കു പിടികിട്ടിയത്. ഇനി വീണ്ടും ചോദിച്ചാല്‍ അമ്മാളു എന്നോടു മിണ്ടുകയേ ഇല്ല എന്നെനിക്കു മനസ്സിലായി.

അലനും അഭിജിത്തും അജ്ഞനയും ഒക്കെ അമ്മാളുവിന്റെ കൂട്ടുകാരാണ്.

അമ്മാളു ആളു പാവമാണ് എന്നു വിചാരിച്ചെങ്കില്‍ തെറ്റി, രാഹുലിനെ മൂത്രപുരയുടെ പുറത്ത് വച്ച് നാലിടിയാണ് കൊടുത്തത്. ചുമ്മാതല്ല, അവന്റെ ശല്യം സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ്. അമ്മാളുവിനെ കാണുമ്പോള്‍ അവനെപ്പോഴും ഞുള്ളാനും അടിക്കാനും തോന്നുന്നു എന്നാണ് അവന്‍ പറയുന്നത്.ഒരിക്കല്‍ കല്ലെടുത്തെറിഞ്ഞു അമ്മാളുവിന്റെ കാലിനു കൊണ്ടു, അമ്മാളു രണ്ടിലാണ് പഠിക്കുന്നത് , രാഹുല്‍ നാലാം ക്ലാസ്സിലും.

കാര്യമിതൊന്നുമല്ല സന്ദര്‍ഭവശാല്‍ പറഞ്ഞു എന്നേയുള്ളു.

ഒന്നാം ക്ലാസില്‍ പഠിക്കുന്ന മോനു പറഞ്ഞു അമ്മാളുവിന് അക്ഷരമറിയില്ല, ABCD യും അറിയില്ല, എണ്ണാനുമറിയില്ല.മോനുവിന്റെ കൂടെയാണ് അമ്മാളുവും കൂട്ടുകാരും കളിക്കുന്നത്. ഇതു കേട്ടു മോനുവിന്റെ ചേച്ചി അമ്മാളുവിനെക്കൊണ്ട് എഴുതിപ്പിച്ചു. അമ്മാളുവിന് മലയാളം അക്ഷരം ഒക്കെ അറിയാം പക്ഷേ എണ്ണല്‍ സംഖ്യകള്‍ തെറ്റും. എണ്ണാനറിയില്ല. ഇതിന്റെ കാര്യമറിയാനാണ് ഞാന്‍ അമ്മാളുവിനെ തനിച്ചു കിട്ടാനായി കാത്തിരുന്നത് എന്തായാലും ഞങ്ങള്‍ കുറെ നേരം സംസാരിച്ചു. ഞാന്‍ അമ്മാളുവിനോടു വിശേഷങ്ങള്‍ തിരക്കുക മാത്രമാണ് ചെയ്ത്തത്.

അമ്മാളു പഠിക്കുന്ന എല്‍ പി സ്കൂളില്‍ രണ്ടാം ക്ലാസില്‍ ആകെ 6 കുട്ടികള്‍.ഉച്ചക്ക് ചോറും പയറുമാണ് കിട്ടുന്നത്. ചിലപ്പോള്‍ അമ്മാളു കടയില്‍ നിന്ന് അച്ചാറു വാങ്ങിക്കും എന്നു പറഞ്ഞു. കഞ്ഞി വക്കുന്ന ആയ വരാത്തപ്പോള്‍ ടീച്ചറാണ് കഞ്ഞി വക്കുന്നത് എന്നു അമ്മാളു പറഞ്ഞു. അന്നു ചോറു കിട്ടില്ല. ചിലപ്പോഴൊക്കെ ചോറു കയ്യില്‍ ഒട്ടിപ്പിടിക്കുന്നതാണ് അമ്മാളുവിനെ മലയാളവും കണക്കും രണ്ട് ടീച്ചേഴ്സാണ് പഠിപ്പിക്കുന്നത്. ചൂരലും കൊണ്ടാണത്രെ ക്ലാസ്സില്‍ വരുന്നത്. അമ്മാളുവിന് അടി കിട്ടാറുണ്ട്. ABCDയും പഠിപ്പിക്കുന്നുണ്ട് പുസ്തകത്തിലുണ്ട് എന്ന് അമ്മാളു പറഞ്ഞു. സ്കൂളില്‍ കമ്പ്യൂട്ടറുണ്ട്. നേരത്തെ വീടിന്റെ ഒക്കെ പടം വരച്ചിട്ടുണ്ട്. ഇപ്പോള്‍ കമ്പ്യൂട്ടര്‍ കേടാണ്.

അമ്മാളുവിന്റെ പഠനനിലവാരം അറി‍ഞ്ഞിട്ട് പ്രീയ വായനക്കാരാ എന്തു തോന്നുന്നു. മക്കളു പഠിക്കണം എന്നു വിചാരിക്കുന്ന മാതാപിതാക്കള്‍ സര്‍ക്കാര്‍ സ്കൂളിലേക്ക് പിള്ളാരെ വിടാത്തതിന്റെ കാരണം തേടി ഗവേഷണം നടത്തണ്ട ഇല്ലേ? ടീച്ചര്‍മാരുടെ സ്വന്തം മക്കളെ ഇങ്ങനെ എണ്ണാനും എഴുതാനും അറിയാത്തതെ അവര്‍ പഠിപ്പിക്കുമോ? 6 കുട്ടികളെ എറ്റവും മിടുക്കരാക്കാന്‍ അവരോടും അല്പം സ്നേഹവും ചെയ്യുന്ന തൊഴിലിനോട് ആത്മാര്‍ത്ഥതയും വാങ്ങുന്ന ശമ്പളത്തിന് നന്ദിയും ഉണ്ടായാല്‍ മതി.
(ഇതു നാണയത്തിന്റെ ഒരു വശം മാത്രമാണ് കേട്ടോ.)

No comments:

Post a Comment