എഡിറ്റോറിയല്‍/ബാബു ഭരദ്വാജ്
കേന്ദ്ര സര്‍ക്കാറും കേരള സര്‍ക്കാറും സംസ്ഥാനത്തിലെ പൗരസമൂഹം മുഴുവനും കുറ്റവാളികളായി തലതാഴ്ത്തി നില്‍ക്കുന്ന നിമിഷമാണിത്. ഈ കുറ്റത്തിന്റെ പാപഭാരത്തില്‍ നിന്ന് ഒരു ജനത എന്ന നിലയില്‍ നമുക്കാര്‍ക്കും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. കഴിഞ്ഞ കുറെ ദശാബ്ദങ്ങളായി നമ്മള്‍ അരാഷ്ട്രീയവത്കരണത്തിന് അടിപ്പെട്ടതിന്റെയും സാമൂഹ്യ ബാധ്യതകളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞ് മാറിയതിന്റെയും രക്തസാക്ഷിയാണ് ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടി.
അവളുടെപേര് ഇതെഴുതുന്ന നിമിഷത്തില്‍ ഞങ്ങള്‍ക്കാര്‍ക്കും അറിയില്ല. ഒരു പക്ഷെ അവളുടെ ബന്ധുജനങ്ങള്‍ക്കും നാട്ടുകാര്‍ക്കും മാത്രമേ അതറിയാവൂ. ‘ പേരറിയാത്തൊരു പെണ്‍കിടാവേ നിന്റെ നേരറിയുന്ന ഞാന്‍ പാടുന്നു’ എന്ന ശോകസങ്കീര്‍ത്തനം അവള്‍ക്കൊരു മരണറീത്ത് ആവുകയുമില്ല. വ്യഭിചാരകഥകളും പീഡനകഥകളും അമ്മാനമാടി മലയാളി ഒരു സാങ്കല്‍പിക സുരതസുഖത്തില്‍ അഭിരമിക്കുമ്പോഴാണ്, അതിന്റെ പേരില്‍ കേരള രാഷ്ട്രീയം മാത്സര്യബുദ്ധിയോടെ പകിട കളിക്കുമ്പോഴാണ് ട്രെയിന്‍ യാത്രയില്‍ ഒരു കംപാര്‍ട്ട്‌മെന്റില്‍ ഒറ്റപ്പെട്ട് പോയ ഒരു പെണ്‍കുട്ടി ഹീനമായും നീചമായും ക്രൂരമായും വധിക്കപ്പെട്ടത്.
ഒരു റെയില്‍വെപ്ലാറ്റ്‌ഫോമിന്റെ തൊട്ടടുത്തുള്ള കൂരിരുട്ടിലാണ് അവളെ ഗോവിന്ദചാമിയെന്ന നീചന്‍ ഇരുമ്പു പാളയത്തില്‍ തലയടിച്ച് കൊലചെയ്ത് പീഡിപ്പിച്ചത്. ട്രെയിനിലെ യാത്രക്കാര്‍ അത് കണ്ടിരുന്നു, ഗാര്‍ഡ് റൂമിന്റെ തൊട്ടടുത്ത കംപാര്‍ട്ടമെന്റിലായിരുന്നു ആ പെണ്‍കുട്ടി. പേടിച്ചരണ്ട പെണ്‍കുട്ടി കംപാര്‍ട്ടമെന്റില്‍ നിന്ന് പുറത്ത് ചാടി. പുറത്ത് ചാടുന്നവത് കണ്ടവരുണ്ട്. അവള്‍ക്ക് പിന്നാലെ വ്യഭിചാരിയും പുറത്ത് ചാടി. ഇതൊക്കെ ഗാര്‍ഡും കംപാര്‍ട്ടമെന്റിലെ യാത്രക്കാരും കണ്ടിരുന്നു. ഗാര്‍ഡ് വണ്ടി നിറുത്താന്‍ താല്‍പര്യം കാണിച്ചില്ല.
അപകടം അറിഞ്ഞ ടോമിയെന്ന യുവാവ് ചങ്ങലവലിച്ച് വണ്ടി നിര്‍ത്താന്‍ ആഗ്രഹിച്ചു. സഹയാത്രികര്‍ അയാളെ തടഞ്ഞു. ‘ ഞങ്ങളെ ഉപദ്രവിക്കരുതെന്ന്’ അവര്‍ പറഞ്ഞതായി ടോമി സാക്ഷ്യപ്പെടുത്തുന്നു. സഹയാത്രികരുടെ സഹകരണമില്ലായ്മകൊണ്ട് ടോമിക്ക് ചങ്ങല വലിക്കാനുള്ള ധൈര്യം ഉണ്ടായില്ലെന്നാണ് ആ ചെറുപ്പക്കാരന്‍ പറയുന്നത്. ടോമിയെ തടഞ്ഞ യാത്രക്കാരും ടോമി തന്നെയും നമ്മുടെ ജനതയുടെ നിഷ്‌ക്രിയതയുടെയും നിരാശാജനകമായ അലംഭാവത്തിന്റെയും പ്രതിരൂപങ്ങളാണ്. ഒരു സമൂഹത്തിന്റെ ഹൃദയശൂന്യതയുടെ മുദ്രയും കൊടിയടയാളവും. അതുകൊണ്ട് തന്നെ ഈ പെണ്‍കുട്ടിയുടെ രക്തസാക്ഷിത്വത്തില്‍ അവര്‍ക്കെല്ലാം പങ്കുണ്ട്.
അവര്‍ക്കുള്ളത്ര പങ്ക് നമുക്കെല്ലാവര്‍ക്കുമുണ്ട്. കാരണം നമ്മളെല്ലാം ഇന്ന് ജീവിക്കുന്നത് നമുക്ക് വേണ്ടി മാത്രമാണ്. അവനവന് വേണ്ടി. ലോകത്തിനെന്ത് സംഭവിച്ചാലും നമ്മുടെ തടി കേടാവരുതെന്ന് കരുതുന്ന ഒരു സമൂഹത്തെ സൃഷ്ടിച്ചത് നമ്മളെല്ലാം ചേര്‍ന്നാണ്.
വെറുതെ വാചകമടിക്കാനും സംവാദം നടത്താനും മാത്രമേ നമുക്കിന്നാവൂ. പൊള്ളയായ വാക്കുകള്‍ക്കപ്പുറം നമ്മള്‍ കര്‍മ്മശൂന്യരാണ്, സ്‌നേഹശൂന്യരാണ്, അല്‍പന്മമാരാണ്, അസാന്‍മാര്‍ഗ്ഗികളാണ്.
ട്രെയിന്‍ നിര്‍ത്തിയാല്‍ ട്രെയിന്‍ ഷൊര്‍ണ്ണൂരിലെത്താന്‍ വൈകും. ട്രെയിന്‍ വൈകിയാല്‍ മരുന്നുഷാപ്പുകളൊക്കെ അടക്കും. എല്ലാത്തരം മരുന്നുഷാപ്പുകളും. കടയടക്കുന്നതിന് മുമ്പ് ‘മുസ്‌ലി പവര്‍ എക്‌സ്ട്ര’യും കിടപ്പുമുറിയില്‍ പെണ്ണിന്റെ പോരാളിയാവാന്‍ വേണ്ട ‘യോദ്ധ’യും കിട്ടാതെവരും. അതോര്‍ത്ത് വ്യാകുലപ്പെട്ടിട്ടായിരിക്കുമല്ലോ ട്രെയിന്‍ യാത്രക്കാര്‍ ടോമിയെ തടഞ്ഞത്.
ഗാര്‍ഡും എഞ്ചിന്‍ ഡ്രൈവറും ഒക്കെ ഇത്തരം വാജീകരണ ഔഷധമില്ലെങ്കില്‍ ബലഹീനരാവുന്നവരായിരിക്കണം. ലൈംഗികോത്തേജനത്തിന് ആര്‍ത്തിപിടിയ്ക്കുന്ന ഒരു ജനതയാണ് നമ്മളെന്ന് പരസ്യങ്ങളിലൂടെ രാവും പകലും പ്രഖ്യാപിക്കുന്ന ഒരു ജനതക്ക് ഒരു മനുഷ്യജീവിയുടെ രോദനം കേള്‍ക്കാനുള്ള മനസ്സുണ്ടാവില്ല. ഇത്രയും കാലംകൊണ്ട് നമ്മുടെ രാഷ്ട്രീയവും സംസ്‌കാരവും സമൂഹ്യ പ്രതിബദ്ധത എന്ന് പറയപ്പെടുന്ന അരൂപിയായ മനസാക്ഷിയും സൃഷ്ടിച്ചെടുത്തത് പ്രതികരിക്കാനും പ്രതിരോധിക്കാനും കഴിയാത്ത നമ്മളെപ്പോലെയുള്ള നികൃഷ്ടജീവികളെയാണ്. ഷൊര്‍ണ്ണൂരിലെ പെണ്‍കുട്ടി അത്തരമൊരു സത്യവാങ്മൂലത്തിന് നമ്മെ നിര്‍ബന്ധിതരാക്കുന്നു.
No comments:
Post a Comment