സംഭവം ഇങ്ങനെയാണ്.
അതിരാവിലെ മൊബൈലടിച്ചു.
അതൊരു കൂട്ടൂകാരിയായിരുന്നു.
"എന്തു പറ്റി രാവിലെ...?" പതിവില്ലാത്തതായതു കൊണ്ട് ഞാന്‍ ജിജ്ഞാസയോടെ തിരക്കി.
"പത്രം വായിച്ചോ?" മറു ചോദ്യം
"ങേ.. എന്താ...? "
"അതേയ്... ഗ്രാഫിന്‍ കണ്ടു പിടിച്ചവര്‍ക്ക് നൊബേല്‍ സമ്മാനം കൊടുത്തു."
ഈ കുന്ത്രാണ്ടം ഏതാ ഗ്രാഫീന്‍? ഇതെന്നാ ..ഇവളു കണ്ടു പിടിച്ച താണോ? ഞാന്‍ വിചാരിച്ചു
"എന്താ പറഞ്ഞേ?" ഞാനെന്റെ അറിവില്ലായ്മ വ്യക്തമാക്കി.
"അതേ... നീയാ പത്രം വായിക്ക്. എന്നിട്ട് അതിവിടെങ്ങാനും കിട്ടുമോഎന്നു തിരക്ക്? ഉരുക്കിനേക്കാള്‍ കട്ടിയുള്ളതാ ഈ സാധനം. ഭാരമില്ലത്രേ? "
ദൈവമേ.. രാവിലെ തന്നെ പണി കിട്ടിയോ
"ഞാന്‍ നോക്കട്ടെ.."
"ഇപ്പം വേണം ഉടനെ "
ഫോണ്‍ കട്ടായി.
ഞാനതാ പത്രം നോക്കി. മണി ഏഴല്ലേ ആയുള്ളു. ബിജു പത്രവുമായി വരണമെങ്കില്‍ എട്ടാകും. ഞാനുടനെ പത്രമെടുക്കാനിറങ്ങി. ജംഗ്ഷന്‍ വരെ നടന്നു. മഴ ചാറുന്നുണ്ടായിരുന്നു. ജോണ്‍സന്റെ കടയില്‍ ഇലക്ഷന്‍ ചര്‍ച്ച സജീവം. ഗ്രാഫീന്‍ പിടികൂടിയതിനാല്‍ ഞാന്‍ പത്രമെടുത്ത് നോക്കി. ഫിസിക്സ് നൊബേല്‍ സമ്മാനം, റഷ്യന്‍, ബ്രിട്ടീഷ് കാര്‍ക്ക്. ഉരുക്കിനേക്കാള്‍ കട്ടികൂടിയതും ഭാരം കുറഞ്ഞതുമായ ഗ്രാഫീനെന്ന കാര്‍ബണിന്റെ പുതിയ ഘടകം വികസിപ്പിച്ചെടുത്ത ആന്ദ്രേ ഗെയ്ന്‍, കോണ്‍സ്റ്റാനിന്‍ നൊവൊസ്ലോവ് എന്നിവര്‍ക്കാണ് . പെന്‍സിലില്‍ ഉപയോഗിക്കുന്ന ഗ്രാഫൈറ്റിന്റെ അടുത്തയാളു തന്നെയാണിവന്‍. ഗ്രാഫീന്‍ ഉരുക്കിനേക്കാള്‍ ബലമുള്ളതും ഭാരം കുറഞ്ഞതും ഒരു ആറ്റത്തിന്റെ കനം മാത്രമുള്ളതും കോപ്പറിനേക്കാള്‍ നല്ല വൈദ്യതചാലകവുമാണ്. ഹീലിയത്തിന്റെ ആറ്റത്തിനെ കടത്തിവിടാന്‍ തക്ക നേര്‍ത്തതാണീ സാധനം. ഇനി സിലിക്കണ്‍ ഗ്രാഫീനു വഴിമാറുമത്രേ..! വിവരസാങ്കേതിക രംഗത്ത് വന്‍ മുന്നേറ്റത്തിനു വഴിതെളിയുന്നു.
ഇവള്‍ക്കെന്താ ഇതുമായി ബന്ധം?
വഴിയേ നടന്നു കൊണ്ടു തന്നെ ഞാന്‍ മൊബൈലെടുത്തി വിളിച്ചു.
" ഞാന്‍ വായിച്ചു.. ഇതു കണ്ടു പിടിച്ചതേയുള്ളു. സാധനം വേണമെങ്കില്‍ ബ്രിട്ടനില്‍ പോകണം "
" ഉടനെ ഇവിടെ വരുമോ?"
"ഉടനെയില്ല.. ഞാന്‍ വേണമെങ്കില്‍ നൊവോസ്ലോവിനെ വിളിച്ച് ഒരു കിലോ അയച്ചു തരാന്‍ പറയാം.."
"നീ അങ്ങനെ കളിയാക്കണ്ട.. അറിയാത്ത കാര്യം ചോദിച്ചു അത്രേയല്ലേ ഉള്ളൂ.."
ആളു ചൂടായി.
"ഞാന്‍ തമാശ പറഞ്ഞതാണെന്നേയ്... നിനക്കെന്താ ഇതു കൊണ്ടാവശ്യം?"
"നീയെന്നെ കളിയാക്കരുത്?"
"ഇല്ല" വിഷയം സീരിയസാണെന്നു തോന്നി.
"അതേയ് .. ഈ ഗ്രാഫൈന്‍ ഉരുക്കിനേക്കാള്‍ നല്ല ബലമുള്ളതല്ലേ? ഭാരവും ഇല്ലല്ലോ? "
ശരിയാണ് ഞാന്‍ സമ്മതിച്ചു.
"അതു കൊണ്ട് ഒരു ചെറിയ പേനായോ, സ്കെയിലോ അല്ലെങ്കില്‍ പോപ്പികുടയും ഒക്കെ ഉണ്ടാക്കിയാല്‍ നല്ല ബലം കാണില്ലേ?"
"കാണും.."
"അപ്പോ നല്ല ബലമുള്ള അതു വച്ചു ചുമ്മാ ഒന്നടിച്ചാല്‍ ഒരാടെ കയ്യൊക്കെ ഒടിയില്ലേ?..ങേ..?"
"ശരിയാണ് തീര്‍ച്ചയായും ഒടിയും"
"എനിക്കും അതാണ് ആവശ്യം. ഒരാടെ കയ്യ് അടിച്ചൊടിക്കണം. പക്ഷേ അതിനു പറ്റിയ ആയുധം ഇപ്പോ ഉലക്കയും കമ്പിപ്പാരയും ഒക്കെയല്ലേ ഉള്ളു. അതെടുത്ത് എനിക്ക് അടിക്കാന്‍ കഴിയുമോ? അടിച്ചാലും ആള്‍ക്കാരു കാണില്ലേ? ഇതാകുമ്പം ആരും കാണുകയുമില്ല. കൊണ്ടു നടക്കാനും കഴിയും. "
"എന്റെ പറശ്ശിനികടവു മുത്തപ്പാ... എന്തൊരു ഐഡിയ......" കണ്ണും മിഴിച്ചാണു ഞാന്‍ പറഞ്ഞത്. ഇവള്‍ക്കിത്രയും ബുദ്ധി എന്നാണുദിച്ചത്.
"പക്ഷേ ഇതാരുടെ കയ്യാണ് നിനക്കു തല്ലി ഒടിക്കേണ്ടത്?"
"അതോ , അതു ഇന്നലെ നിന്നോടു പറയാന്‍ നിന്നെ വിളിച്ചിട്ടു കിട്ടിയില്ല. എനിക്കാകെ സങ്കടം വന്നിരിക്കുവാ. ഇവിടെ ആരോടെങ്കിലും പറയാന്‍ പറ്റുമോ? "
"നീ കാര്യം പറ..."
"നിനക്കറിയാമല്ലൊ.. ചിലപ്പോ ഓഫീസിന്നു താമസിച്ചാ ഞാനിറങ്ങുന്നത്. അപ്പോള്‍ കിട്ടുന്ന ബസ്സിനു കയറി പോരും. ഇന്നലെ ആറുമണി കഴിഞ്ഞാ ഇറങ്ങിയത്. ബസ്സിലാണെങ്കില്‍ അധികം തിരക്കും ഇല്ലായിരുന്നു. ഞാന്‍ ബസ്സില്‍ കമ്പിയില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. ടിക്കറ്റെടുക്കാന്‍ നടന്ന കണ്ടക്ടര്‍ വഴി മാറി പോകാന്‍ സ്ഥലമുണ്ടായിട്ടും എന്റടുത്തു കൂടി വന്ന് വിരലു കൊണ്ട് ആഞ്ഞൊരു തോണ്ടല്‍ , ഞാന്‍ ഞെട്ടിപ്പോയി, കയ്യിലോ പുറത്തോ ആയിരുന്നു തോണ്ടിയതെങ്കില്‍ ഞാന്‍ ശ്രദ്ധിക്കുകയേ ഇല്ലായിരുന്നു. അതവിടെ തന്നെ തോണ്ടണമെങ്കില്‍.... ഇപ്പോഴും ആ ഞെട്ടല്‍ മാറിയില്ല. ജനമധ്യത്തില്‍ വച്ച് അപമാനിതയായ പോലെ. എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം സ്തബ്ധയായിപ്പോയി. ഞാനവനെ നോക്കി. അവന്റെ പോക്ക് . അറിയാതെ പറ്റിയ പോലെ , ഞാനൊന്നു മറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍. മുഖത്താണേല്‍ ഒരു വല്ലാത്ത കള്ളച്ചിരിയും. എനിക്കാകെ അരിശം വന്നു. ഇത്രയും വൈരാഗ്യം എനിക്കാരോടും തോന്നിയിട്ടില്ല. അവന്റെ തല തല്ലിപൊട്ടിക്കാന്‍ എനിക്കു തോന്നി . പക്ഷേ കഴിഞ്ഞ ആഴ്ച ദേഹത്തു മുട്ടിയതിനു അരിശപ്പെട്ട ഒരു ചേച്ചിയോട് മുട്ടാതെ പോണമെങ്കില്‍ കാറു പിടിച്ച പോണമെന്ന് ഒരുത്തന്‍ പറഞ്ഞത് ഞാനോര്‍ത്തു. എനിക്കു ഭയങ്കര സങ്കടം വന്നു. ആരെങ്കിലും ഒന്നു സഹായിച്ചെങ്കില്‍. ... ഞാന്‍ ചുറ്റും നിക്കുന്ന മറ്റുള്ളവരെ നോക്കി. ആരുമിതൊന്നും അറിഞ്ഞിട്ടേ ഇല്ല. എന്താ എന്തു പറ്റി എന്നു ആരെങ്കിലും എന്നോടു ചോദിച്ചെങ്കില്‍ എന്നു ഞാന്‍ പ്രതീക്ഷിച്ചു. എല്ലാവരും അവരവരുടെ ലോകത്താണ്. ഒരു മരുഭൂമിയിലെ പോലെ ഒറ്റപ്പെടല്‍ എനിക്കുണ്ടായി. എങ്ങനെ സ്റ്റോപ്പിലിറങ്ങിയെന്നും, വീട്ടിലെത്തിയെന്നും എനിക്കറിയില്ല. വീട്ടില്‍ വന്നിട്ടും എനിക്കു സങ്കടം മാറിയില്ല. എല്ലാരോടും ദേഷ്യപ്പെട്ടു. ..... അവന്റെ കയ്യാ എനിക്കു തല്ലി ഒടിക്കേണ്ടത് ....".
No comments:
Post a Comment