നിരത്തിയിട്ട കസേരകളിലൊന്നിലിരുന്ന് ഞാനുറങ്ങിപ്പോയി. തല പുറകിലെ ഭിത്തിയിലേക്കു ചാരി കാലു നീട്ടി വച്ചാണ് എന്റെ ഉറക്കം.
അടുത്ത സീറ്റില് ഒരു പെണ്കുട്ടിയിരിക്കുന്നു. അവളുടെ അമ്മ അടുത്തു തന്നെയുണ്ട്. നല്ല ഉയരമുള്ള അച്ചന് അവിടെ ഐസിയു വിന്റെ വാതിക്കലേക്കു നോക്കി നില്ക്കുന്നു. എപ്പോഴാണ് ഈ അമ്മയും മകളും എന്റടുത്ത് വന്നിരുന്നത്! ഇവരു മൂന്നു പേരും വന്നപ്പോള് തന്നെ ഞാന് ശ്രദ്ധിച്ചിരുന്നു. അച്ചനും മകള്ക്കും നല്ല ഉയരം. മകള്ക്ക് അച്ചന്റെ ഛായ തന്നെ. പെണ്കുട്ടിയുടെ നടത്തവും അച്ഛന്റെ നടത്തവും ഒരു പോലെ. അച്ചന്റെയും മകളുടേയും കൂടുതല് സമാനതകള് കണ്ടെത്താന് അപ്പോള് കഴിഞ്ഞില്ല.
മരണത്തിന്റെ പടി വാതില്ക്കലെത്തിയിരിക്കുന്ന ആരെയോ കാണാനാവും ഇവരും വന്നത്.
ഒരു നിലവിളി കേട്ടാണ് ഞാനുണര്ന്നത്.
ഉള്ളിലൊരു ഞെട്ടല്. പെട്ടെന്നു ഞാനെണ്ണീച്ചു നോക്കി.
ഐസിയുവിന്റെ വാതിലിനടുത്തു തന്നെ ഇരിന്നിരുന്ന കുറെപ്പേര് എണ്ണീറ്റുനില്ക്കുന്നു. അവരില് ഒരു സ്ത്രീയാണ് നിലവിളിച്ചത്. തുറന്ന വാതിലീലൂടെ സ്ട്രെച്ചറില് ഒരു ശവം പുറത്തേക്കു വരുന്നു. ആള്ക്കാര് ചുറ്റും കൂടി. ശവത്തിനു പുറത്തേക്കു അലറികൊണ്ടു വീഴാന് തുടങ്ങിയ അവരെ ആരൊക്കെയോ പിടിച്ചു. ശവത്തെ അനുഗമിച്ച് ഒരു കൂട്ടം ആളുകള് നടന്നു നീങ്ങി. അവരുടെ അലമുറയും തേങ്ങലും അവിടെ മാകെ തങ്ങിനിന്നു.
വീണ്ടും മൂകത.
ഞാനവിടെ വീണ്ടും ഇരുന്നു.
അടുത്തിരുന്നവരെ കണ്ടില്ല. ചുറ്റും നോക്കി. അവരു മൂവരും ഐസിയു വിന്റെ വാതിക്കല് നില്ക്കുന്നു. വാതില് വീണ്ടും തുറക്കുന്നു. അയാള് മാത്രം അകത്തേക്കു പോയി. ആ അമ്മയും മകളും ഞാനിരുന്നിടത്തു വന്നു. മകള് എന്റടുത്തും അതിനപ്പുറം അമ്മയും ഇരുന്നു. അവിടെല്ലാം കുറെ കസേരകള് ഒഴിഞ്ഞു കിടന്നിട്ടും അവര് എന്റടുത്തു തന്നെ വീണ്ടും വന്നിരുന്നതില് എനിക്ക് കൌതുകം തോന്നി.
ഒരു പക്ഷേ മരണത്തിന്റെ അറിയിപ്പു തരുന്ന ആ വാതില്ക്കല് നിന്നും ദൂരെ മാറിയിരുന്നതാവാം.
ഏതു നിമിഷവും ഒരു മരണത്തിന്റെ അറിയിപ്പും പ്രതീക്ഷിച്ചാണ് ഞാനും ഇരിക്കുന്നത്.
എന്റെ കൂടെ വന്നവരെല്ലാം കൂറെ മാറി നിന്ന് തൊട്ടുമുമ്പത്തെ മരണത്തിന്റെ വിശേഷങ്ങളിലാണ്.
വീണ്ടും തല ഭിത്തിയിലേക്കു ചാരി ഞാനുറങ്ങാന് ശ്രമിച്ചു.
വാതില് തുറന്നു ഉയരമുള്ള അച്ചന് പുറത്തേക്കു വന്നു. ചുറ്റുംനോക്കി പിന്നെ എന്റെയടുത്തിരിക്കുന്നവരുടെ അടുത്തേക്കു വന്നു. പാതി തുറന്നു വച്ചിരിക്കുന്ന കണ്ണിലൂടെ ഞാനിതെല്ലാം കാണുകയാണ്.
ഒപ്പിട്ടോ
സ്ത്രീയുടെ ചോദ്യം.
ശരിയായി
അയാളുടെ മറുപടി. അയാള് ടീഷര്ട്ടിന്റെ പോക്കറ്റില് നിന്നും ഒരു ചെക്കുലീഫ് പുറത്തെടുത്ത് ഭാര്യക്കു നേരെ നീട്ടി.
അതിലൊരു വ്യദ്ധന്റെ വിറയാര്ന്ന വിരലുകള് ഇട്ട ഒപ്പു മാത്രം.
No comments:
Post a Comment