നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

16.5.17

തീക്കാറ്റ്


തീക്കാറ്റു വീശുന്നു.

കമണ്ഡലുകമഴ്ത്തി മുനിമാരിരിക്കുന്നു.
ജലമില്ല തീ കെടുത്താന്‍....

തീക്കാറ്റു വീശുന്നു.

കോരുവാനാകില്ല ഗംഗാജലം
തണുത്തുറഞ്ഞുപോയി..

തീക്കാറ്റു വീശുന്നു.
കാറ്റില്‍ കരിഞ്ഞ ശവഗന്ധം

തീക്കാറ്റു വീശുന്നു വടക്കു നിന്നും
സഹ്യന്‍റെ നെഞ്ചും കടന്നു
കരിഞ്ഞശവഗന്ധവുമായി
തീക്കാറ്റു വീശുന്നു

ഉറക്കത്തിലെപ്പോഴോ കത്തിയമര്‍ന്ന
 മണ്ണിന്‍റെ മക്കളുടെ കരിഞ്ഞശവഗന്ധം.
മനുഷ്യരെ കൂട്ടംകൂടി
 കത്തിക്കുന്ന ജാതിക്കോമരങ്ങളുടെ
അട്ടഹാസം...


തീക്കാറ്റു വീശുന്നു
ദാബോല്‍ക്കറുടെ
കുല്‍ബര്‍ഗിയുടെ 
ചോരമണം പേറി...

തീക്കാറ്റുവരുന്നു
മകളുടെ ശവശരീരം തോളിലേറ്റിയ
പിതാവിന്റെ രോദനവും പേറി...

സഹധര്‍മ്മിണിയുടെ ശവം
പായില്‍ പൊതിഞ്ഞു തീക്കാറ്റേറ്റു നടന്ന
നിര്‍ഭാഗ്യവാന്‍റെ നിലവിളിയുമായി ......
തീക്കാറ്റു വരുന്നു......





ചിക്കാഗോയിലെ സിംഹഗര്‍ജ്ജനം ...
അരുവിപ്പുറത്തെ മന്ത്രധ്വനി..
പ്രതിധ്വനിക്കണമിനിയീ തീക്കാറ്റു
ശമിക്കുവാന്‍....

No comments:

Post a Comment