നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

25.9.12

ഇല്യാസും പച്ചക്കറികളും

ഇല്യാസിനെ ഞാന് പരിടയപ്പെട്ടത് ഈയിടെയാണ്. പരിചയപ്പെട്ടു കുറെ നാളുകഴിഞ്ഞ് ഞാനീക്കാര്യം ഭാര്യയോടു പറഞ്ഞപ്പോളാണ്. അയാളാണ് ഇയാളെന്ന് ഞാനറിഞ്ഞത്. ആ അയാള് എന്നു പറഞ്ഞാല് ഒരു വര്ഷമായി ഠൌണിലെ ഹ്യദയഭാഗത്തുള്ള കെട്ടിടത്തില് ലക്ഷത്തിലധികം രൂപ ഡിപ്പോസിറ്റു നല്കി പച്ചക്കറിക്കട നടത്തിയിരുന്ന ആളായിരുന്നു ഇല്യാസും ഭാര്യയും. അന്ന് എപ്പഴോ ഞാന് ആ കടയില് നിന്നു പച്ചക്കറി വാങ്ങിയിരുന്നു. എവിടുന്നാ പച്ചക്കറി വാങ്ങിയതെന്നു ഭാര്യ തിരക്കി ഠൌണിലെ ഇന്നഭാഗത്തെ കടയില് നിന്നാണ് പച്ചക്കറി വാങ്ങിയതെന്നും പറഞ്ഞു. അവിടെ ഭയങ്കര വിലയാണെന്നും സ്വര്ണ്ണക്കട നടത്തേണ്ടിടത്തു പച്ചക്കറിക്കട നടത്തുന്ന വല്യപുള്ളിയാണ് ആ കടക്കാരനെന്നും അയളുടെ  സുന്ദരിയായ ഭാര്യയാണത്രെ വില്ലത്തി എന്നും  ഭാര്യ പറഞ്ഞു. ഓ അതു ശരിയായിരിക്കും ഇത്ര വല്യ കടയെടുത്തിട്ടു വില കുറച്ചു വിക്കാന് പറ്റില്ലല്ലൊ ഞാനും ചിന്തിച്ചു പക്ഷേ അവിടെ കച്ചവടത്തില് അയാളെ സഹായിക്കുന്ന ഒരു സ്ത്രീയെ കണ്ടതായി ഞാന് ഓര്ത്തു കണ്ണുടക്കിപ്പോകുന്ന സുന്ദരിയെ കണ്ടില്ല. ഇനി നോക്കാം പക്ഷേ അവിടെ നിന്നും  ഇനി വാങ്ങാന് പറ്റില്ലല്ലൊ  വാങ്ങിയാല് കടയുടെ പേര് ഭാര്യയോടു പറയില്ലെന്നും ഞാന് തീരുമാനിച്ചു. പച്ചക്കറി വാങ്ങാനായി ഞാനൊരു ദിവസം പോയി പക്ഷേ അന്നു കട അടച്ചിട്ടിരിക്കുകയായിരുന്നു. എന്റെ തിരക്കുകാരണം പിന്നീട് പോകാനും പറ്റിയില്ല. മാത്രമല്ല എന്നോടു പച്ചക്കറി വാങ്ങണം എന്നു പറയുമ്പോഴല്ലേ വാങ്ങാന് പറ്റൂ.
പിന്നീട് പലപ്പോഴും ആ കട അടച്ചിട്ടിരിക്കുന്നതായി കണ്ടു. പിന്നെ ഞാനാക്കാര്യവും മറന്നു.

ഇപ്പോള് ഒരു വാടകവീടു തിരക്കി നടന്നപ്പോള് ഠൌണിലെ വേറൊരു ഭാഗത്തു വച്ചാണ്. ഇല്ലാസിനെ പരിചയപ്പെട്ടത്. നല്ല ചുവന്ന ചീര വച്ചിരിക്കുന്ന പച്ചക്കറികട കണ്ടു. ചീര വാങ്ങിയപ്പോള് എന്റെ ആവശ്യവും ഞാന് പറഞ്ഞു. അല്പ നേരം കൊണ്ടു ഞങ്ങള് നല്ല പരിചയക്കാരായി മാറി. എന്നെ സഹായിക്കാമെന്നു ഇല്യാസ് ഏറ്റു.  സംസാരിക്കുമ്പോഴൊക്കം ഇല്യാസ് പച്ചക്കറിവച്ചിരിക്കുന്ന കുട്ടകള്ക്കു ചുറ്റും നടന്ന് അവയിലെ ചീഞ്ഞവ പെറുക്കി കളയുകയും അവ വീണ്ടും വീണ്ടും അടുക്കി വക്കുകയുമായിരുന്നു. അയാളുടെ ആ പരിചരണം എന്നെ വല്ലാതെ ആകര്ഷിച്ചു. ആ പരിചരണത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ടായിരുന്നു. അയാളുടെ വിരലുകള് അവയോടു സംസാരിക്കുന്നതു പോലെ തോന്നും. അയാളുടെ കൈകളാണ് അവയെ വളര്ത്തിയെടുത്തത് എന്നു തൊന്നിപ്പിക്കും വിധം വാല്സല്യവും സൌന്ദ്യര്യവും  ആ പരിചരണത്തിലുണ്ടായിരുന്നു. വാടകക്കു വീടു കിട്ടാന് വലിയ ബുദ്ധിമുട്ടാണെന്നും ഇപ്പോളീ ബംഗാളികളും മറ്റും വന്നു കൂട്ടത്തോടെ വലിയ വാടകകൊടുത്തു താമസിക്കുന്നതിനാല് ചെറിയ വരുമാനക്കാര്ക്ക് വീടു കിട്ടാന് വലിയ പ്രയാസമാണെന്നും ഇല്യാസു പറഞ്ഞു അതിനിടക്ക് എപ്പോഴൊ ഒരു സ്ത്രീ ആ കടയ്കകത്തുനിന്നും വന്നു. പെട്ടെന്നു എനിക്കു തോന്നിയ കാര്യം ഇല്യാസും ആ സ്ത്രീയും തമ്മില് പൊതുവായി എന്തൊക്കെയോ സാദ്യശ്യങ്ങള് ഉണ്ടെന്നതാണ്. അതെന്താണെന്നു കണാനും എനിക്കു കഴിഞ്ഞില്ല. പക്ഷേ പരസ്പരമുള്ള പൊരുത്തങ്ങളുടെ അദ്യശ്യമായ സാന്നിദ്ധ്യം എനിക്ക് അനുഭവപ്പെട്ടു. സഹോദരങ്ങളാണെന്നു പറയാനുള്ള രൂപസാദ്യശ്യം തമ്മിലില്ല. ഈ അനുഭവം എന്റെ മനസ്സിലൂടെ കടന്നുപോയപ്പോള് എന്റെ ചിന്തയെ മുറിച്ചുകൊണ്ട് കൂടുതല് ദൂരൂഹതകളുണര്ത്തിക്കൊണ്ട് അതു തന്റെ ഭാര്യയാണെന്നു ഇല്യാസു പറഞ്ഞു .  അവരുടെ ആകാരത്തില് നിന്നും അവരിതുവരെ അമ്മയായിട്ടില്ല എന്ന് എനിക്കുതോന്നി.
ഇല്യാസിന്റെ രൂപ സൌന്ദ്യര്യവും അവരുടെ സൌന്ദ്യര്യവും വേറെ വേറെ നോക്കിയാല് അവരൊരിക്കലും ഭാര്യാഭര്ത്താക്കന്മാരാകാനുള്ള വിദൂര സാധ്യതപോലും ഇല്ല. പക്ഷേ ആ പച്ചക്കറികള്ക്കിടയില് അവരില് വൈരുദ്ധ്യം കാണാന് എനിക്കു കഴിഞ്ഞില്ല. മറിച്ച് വിവരിക്കാനാവാത്ത പ്രകടിപ്പിക്കാനാവാത്ത സാദ്യശ്യങ്ങള് മാത്രമാണ് എനിക്ക് അനുഭവമായത്.

ആ സ്ത്രീയുടെ വെളുത്ത വിരലുകളും ആ പച്ചക്കറികൂടകളെ മനോഹരമാക്കാനും അവകളെ പരിചരിക്കാനും തുടങ്ങി.

ഞാനവിടെ നിന്ന് ഇറങ്ങും വരെ മറ്റാരും വാങ്ങാനായി അവിടെ വന്നില്ല.

ഈ ഇല്യാസാണ് അയാളാണെന്നു ഭാര്യ പറഞ്ഞത്.
അതു ശരിതന്നെയാവാം.
എങ്കിലും അയാളല്ല ഇന്നിയാള് എന്ന് ഞാനറിഞ്ഞതല്ലേ.
അന്നത്തെ അയാളല്ല എനിക്കും ഇന്നിയാള്

ഇല്യാസിന്റെ കടയിലെ അനുഭവങ്ങളും എന്റെ ചിന്തകളും ഞാന് ഭാര്യയുമായി പങ്കുവച്ചില്ല.

വീടു കിട്ടുന്നതില് അയാള് സഹായിക്കും എന്നു മാത്രം പറഞ്ഞു.

ഇല്യാസിന്റെ ചുവന്ന ചീര ഭാര്യ തോരനാക്കി. ഞങ്ങള് കഴിച്ചു.
ആ തോരന് കഴിച്ചപ്പോഴും മുറിഞ്ഞു വെന്തുകിടക്കുന്ന ചീരയിലകളും തണ്ടുകളും ഒക്കെ ഇല്യാസിന്റെ വിരലുകളുടെ പരിചരണം ഏറ്റവയാണെന്ന ഒര്മ്മ മാത്രമല്ല. ആ പരിചരണത്തിന്റെ സൌരഭ്യം ഞങ്ങളുടെ തീന്മേശയിലും വട്ടം ചുറ്റുന്നതായി എനിക്കു അനുഭവമായി. ഞങ്ങള് ഇല്യാസിന്റെ ഇലകളാണ് എന്ന് അവയൊക്കെയും വിളിച്ചു പറയുന്നുണ്ടോ

(തുടരും
ഇല്യാസിനെ ഞാന്  അടുത്തറിയുന്ന ഭാഗം ബാക്കി പിന്നീട് എഴുതാം.. 
നിങ്ങള്ക്ക് ഒരിക്കലും മറക്കുവാന് പറ്റാതായേക്കാവുന്ന ഒരു ഇല്യാസ് ...)


23.9.12

ജീവിത വിജയവും പോസിറ്റീവ് സമീപനവും

" നിങ്ങള്‍ ദുഃഖിതരാകുന്നു എങ്കില്‍ അത്‌ നിങ്ങളിലെ നിഷേധവികാരങ്ങളെക്കുറിച്ച്‌ ഓര്‍മ്മിപ്പിക്കും.
പോസിറ്റീവ്‌ ആയ എന്താണ്‌ നിങ്ങളുടെ ഉള്ളിലുള്ളത്‌, അതിനെയാണ്‌ കാണിച്ചുതരേണ്ടത്‌. കാരണം, നിങ്ങള്‍ക്ക്‌ നിങ്ങളിലെ ഗുണങ്ങള്‍ തിരിച്ചറിയാനാവില്ല. ഇതാണ്‌ വസ്തുതകളെ പോസിറ്റീവ്‌ ആയി കാണുന്ന വിധം. അതിന്‌ പകരം, നാമവരുടെ തെറ്റുകുറ്റങ്ങള്‍ ചികഞ്ഞെടുത്ത്‌ പറയുകയാണ്‌ സാധാരണ ചെയ്യാറുള്ളത്‌.
പോസിസ്റ്റീവ്‌ സമീപനമാണ്‌ ഒരാളിലെ നന്മകളെ വളര്‍ത്തുന്നത്‌. മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്‌.
ഒരാ ളിലെ പോസിറ്റീവ്‌ വശങ്ങളെ ഉണര്‍ത്തുമ്പോള്‍ അയാളിലെ നിഷേധാത്മകത താനെ മറയുന്നതായി കാണാം."

ഇതു ശ്രീ ശ്രീ രവിശങ്കറുടെ  വാക്കുകളാണ്.

ദുഃഖത്തില് നിന്നു മോചനം നേടാന് പോസീറ്റീവ് ആയ ആശ്വാസ വാക്കുകള്ക്ക് കഴിയും
മേലുദ്യോഗസ്ഥന്റെ അനാവശ്യമായ പഴിചാരല് കേള്ക്കേണ്ടി വരുന്നതുമൂലം  ഈ ജോലി തന്നെ വേണ്ട, എനിക്കീ ജിവിതം തന്നെ മടുത്തു. എന്നു നിരാശയോടെ ദുഃഖിക്കുന്ന ആളിനോട്... ഒരു സുഹ്യത്ത് പറയുന്നു.

"നീയെന്തിനാണ് നിരാശപ്പെടുന്നത്. നീയെത്ര നല്ല കഴിവുള്ളയാളാണ്. എത്ര സമര്ത്ഥമായാണ് നീ കാര്യങ്ങള് കൈകാര്യം ചെയ്യുന്നത്   ...  കഴിഞ്ഞ ആഴ്ച നീ ആ വലിയ പ്രശ്നത്തെ കൈകാര്യം ചെയ്തില്ലേ. നിന്റെ ബോസിനു പോലും കഴിയാത്ത കാര്യമല്ലേ നീയ് ചെയ്തത്.  എപ്പോഴും വളരെ ആക്ടീവായി നീ പ്രവര്ത്തിക്കുന്നത് മറ്റുള്ളവര്ക്കു ആസൂയ തന്നെയാണ്. നിന്നില് നിന്നും കൂടുതല് പ്രതീക്ഷിക്കുന്നതു കൊണ്ടാണ് നിന്റെ ബോസ് നിന്നെ വഴക്കു പറഞ്ഞത്.  നിന്നോടല്ലേ എല്ലാക്കാര്യവും എപ്പോഴും ചോദിക്കാറ്. അതുകൊണ്ടു തന്നെ അറിയില്ലേ നിന്റെ പ്രധാന്യം.  ..."

ഈയൊരുവാക്കുകള് അയാളിലെ നിരാശ അലിയിച്ചുകളയും മനസ്സില് ആത്മവിശ്വാസം നിറക്കും.

പരീക്ഷയില് മാര്ക്കുകുറഞ്ഞ കുട്ടിയോട് 

"നീയെന്തൊരു മണ്ടനാണ് .. ദാ അവനെ നോക്ക് ഫുള്മാര്ക്കു വാങ്ങി. നീ നന്നാവില്ല "

ഇങ്ങനെ പറഞ്ഞാല് എന്താവും ഫലം അവന്റെ മനസ്സ് നിരാശയാലും ദുഃഖത്താലും  ഇടിഞ്ഞു പോകും

എന്നാല്

"ഇത്തവണ ഉദ്ദേശിച്ചത്ര മാര്ക്കു കിട്ടിയില്ല ഇല്ലേ.... സാരമില്ല. അടുത്ത തവണ നമുക്കു ശ്രമിക്കണം എന്താ..."

അപ്പോളവന് സന്തോഷത്തോടെ തലയാട്ടും.... മാര്ക്കു കുറഞ്ഞതിന്റെ കാരണങ്ങള് പറയുകയും ചെയ്യും.  

പോസിറ്റീവ് സമീപനത്തിലൂടെ വീട്ടിലെയും ജോലിസ്ഥലത്തെയുമെല്ലാം അന്തരീക്ഷം തന്നെ നമുക്കു മാറ്റിയെടുക്കാന് കഴിയും.