നിങ്ങള്‍ക്കും സമയത്തിനപ്പുറത്തേക്കു യാത്ര ചെയ്യാം...ഞാന്‍ ഒരു യാത്ര ചെയ്തു....

30.4.12

ജീവിതം വിജയിക്കാനുള്ളതാണ്


ജീവിതം മാറ്റി മറിക്കാന്‍ 21 ദിവസങ്ങള്‍ !

ജീവിതത്തില്‍ ഉന്നത വിജയങ്ങള്‍ നേടിയെടുക്കുന്നതിന് നിങ്ങളെ പ്രാപ്തരാക്കുന്ന ഒരു 21 ദിന കര്‍മ പദ്ധതി!
ജീവിതത്തില്‍ വിജയത്തിന് വേണ്ടിയുള്ള കുതിപ്പില്‍ മുന്നിലെത്താന്‍ നാം ഓരോരുത്തരും അതിയായി ആഗ്രഹിക്കുന്നുണ്ട്, കാരണം നമ്മുടെ നിലനില്പ് തന്നെ ഏറെക്കുറെ നാം നേടിയെടുക്കുന്ന ലക്ഷ്യങ്ങളില്‍ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് പലരും എങ്ങനെയെങ്കിലും വിജയിക്കണം എന്ന ആഗ്രഹത്തില്‍ പല സാഹസങ്ങളും തിരഞ്ഞെടുക്കുന്നു. പക്ഷെ, ഫലം കാണുന്നില്ല !
ജീവിതം വിജയത്തിന്റെ പാ ന്ഥാവില്‍ സ്ഥിരതയോടെ മുന്നേറണം എങ്കില്‍ ക്രമീകൃതവും തുടര്‍മാനവുമായ പരിശ്രമം ഉണ്ടായേ തീരൂ. കാരണം, അപ്രതീക്ഷിതമായി എപ്പോഴെങ്കിലും വന്നുപോകുന്ന ചില വിജയ മുഹൂര്‍ത്തങ്ങള്‍ നമ്മെ എങ്ങും എത്തിക്കാന്‍ പര്യാപ്തമല്ല. ആലോലമാടുന്ന കൊച്ചു തിരകള്‍ മുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ തീരത്തോടടുപ്പിക്കാന്‍ ശക്തമല്ലല്ലോ.
ലക്ഷ്യം നിര്‍ണ്ണയിക്കുക
വിജയത്തിനായുള്ള തയാറെടുപ്പില്‍ ഒരാള്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം ജീവിതത്തിന്റെ ലക്ഷ്യങ്ങളുടെ ഒരു കണക്കെടുപ്പ് നടത്തുകയാണ്. നാം വ്യക്തിപരമായി വിജയം നേടാന്‍ ആഗ്രഹിക്കുന്ന മേഖലകള്‍ ഏതെന്നു ആദ്യം കണ്ടെത്തണം. എല്ലാവര്‍ക്കും എല്ലാ മേഖലകളും ഒരുപോലെ പ്രധാനപ്പെട്ടവ ആയിരിക്കില്ല. എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് സംഗീതവും സംഗീതജ്ഞന്‍ ആകാന്‍ ആഗ്രഹിക്കുന്നയാള്‍ക്ക് കായിക രംഗവും ഒരുപോലെ പ്രധാനപ്പെട്ടതല്ലല്ലോ. അതുപോലെ, എല്ലാ കാര്യങ്ങളും - വിജയിക്കാന്‍ കഴിഞ്ഞേക്കും എന്ന് തോന്നിപ്പിക്കുന്നവ ആണെങ്കില്‍ - പോലും നമ്മുടെ വിജയ ലക്ഷ്യമായി നാം നിര്‍ണയിക്കേണ്ട കാര്യമില്ല
ലക്ഷ്യ സഹായക മേഖലകള്‍ തരം തിരിArrangong Desk |  www.kaithiri.comക്കാം
നിങ്ങളുടെ ജീവിതത്തിന്റെ പൊ തുവായ ലക്ഷ്യം എന്താണെന്നും ആ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ ശക്തിപ്പെടുത്തേണ്ട മേഖലകള്‍ ഏതെല്ലാം എന്നും കുറിക്കുക. നിങ്ങള്‍ ഒരു എഴുത്തുകാരനാകുവാന്‍ ലക്ഷ്യമിടുന്നുവെങ്കില്‍ അതിനായി നിങ്ങളുടെ എഴുത്തുകളുടെ പ്രസിദ്ധീകരണം എന്ന മേഖലയിലായിരിക്കും  പ്രധാനമായും ശ്രദ്ധിക്കേണ്ടത്. മറ്റെല്ലാം അത് കഴിഞ്ഞു മാത്രം. അങ്ങനെ പൊതുവായ ലക്ഷ്യത്തിലേക്ക് നിങ്ങളെ അടുപ്പിക്കുന്ന മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അവയില്‍ നിന്നും അത്യാവശ്യമല്ലാത്തതും അടിയന്തര പ്രാധാന്യം ഇല്ലാത്തതുമാ യ കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് ഒഴിവാക്കുക - അവ നമുക്ക് പിന്നീട് ശ്രദ്ധിക്കാം.   
അങ്ങനെ പ്രധാനപ്പെ ട്ട അഞ്ചോ ആറോ മേഖലകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അതില്‍ നിന്നും ഏറ്റവും പ്രധാനപ്പെട്ട മൂന്ന് എണ്ണം മാത്രം തിരഞ്ഞെടുക്കുക. വിജയത്തിനായുള്ള പരിശീലനം നിങ്ങള്‍ ഇവിടെ നിന്നാണ് തുടങ്ങേണ്ടത്. ആദ്യം ഇതില്‍ വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ അടുത്ത കാര്യങ്ങളിലേക്ക് പരിശീലനം വ്യാപിപ്പിക്കാം.
ബലഹീനതകള്‍ അവഗണിക്കരുത്
ഇനി, ഈ തിരഞ്ഞെടുത്ത മൂന്നു മേഖലകളില്‍ നിങ്ങളെ വിജയം നേടുന്നതില്‍ നിന്നും തടയുന്ന ഏതാനും (ചുരുങ്ങിയത് അഞ്ചെണ്ണം എങ്കിലും) കാര്യങ്ങള്‍ കണ്ടു പിടിക്കുക. ഉദാഹരണത്തിന്, ഒരു നല്ല എഴുത്തുകാരനാകാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ക്ക് ഭാഷാ പ്രാവീണ്യം ഇല്ലാത്തതുകൊണ്ടോ, അക്ഷര-വ്യാകരണ നിശ്ചയം ഇല്ലാത്തതുകൊണ്ടോ, എഴുതുവാന്‍ താല്പര്യമുള്ള വിഷയങ്ങളില്‍ വേണ്ടത്ര പാണ്ഡിത്യം കുറവായതുകൊണ്ടോ, സമയ ക്രമീകരണം പാലിക്കാന്‍ കഴിയാത്തതുകൊണ്ടോ നിങ്ങളുടെ ലക്ഷ്യം നേടുന്നതില്‍ ശോഭിക്കാന്‍ കഴിയാതെ വരുന്നുണ്ടെങ്കില്‍ , അത്തരം ബലഹീന വശങ്ങള്‍ ആണ് കണ്ടു പിടിക്കേണ്ടത്‌. എങ്കില്‍ പിന്നെ വിജയത്തിലേക്കുള്ള പാതയില്‍ നിങ്ങളുടെ യാത്ര തുടങ്ങിക്കഴിഞ്ഞു! അവരവരുടെ ബലഹീനതകളെക്കുറിച്ച് അറിവില്ലാതിരിക്കുന്നത് കൊണ്ടാണ് പലര്‍ക്കും അവ പരിഹരിക്കാനും പ്രതീക്ഷിക്കുന്ന നിലവാരത്തില്‍ വിജയം വരിക്കുവാനും സാധിക്കാതിരിക്കുന്നത്.
ബലഹീന വശങ്ങള്‍ ശക്തിപ്പെടുത്തുക
ഇനി നിങ്ങളുടെ ബലഹീന വശങ്ങളില്‍ ഏറ്റവും ആദ്യം വരുന്നത് ആദ്യം ശക്തിപ്പെടുത്തണം. അതായത് അച്ചടക്കമില്ലായ്മ (ക്രമീകൃതമായി എഴുതുന്നതിനുള്ള ശീലം ഇല്ലായ്മ ), വ്യാകരണതെറ്റുകള്‍ എന്നിവയാണ് നിങ്ങളുടെ പട്ടികയില്‍ ആദ്യത്തെ രണ്ടു കാര്യങ്ങള്‍ എങ്കില്‍ അച്ചടക്കം ക്രമീകരിക്കാന്‍ തന്നെ ഏറ്റവും ആദ്യം പരിശ്രമിക്കണം. എന്നിട്ടാകാം അടുത്തത്. അല്ലാതെ മറ്റു രണ്ടു കാര്യങ്ങളില്‍ നിങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ല.
21 'മാന്ത്രിക' ദിവസങ്ങള്‍
ഇനിയാണ് പരിശീലനം ആരംഭിക്കുന്നത്. ആദ്യത്തെ പ്രശ്നം അതിജീവിക്കാന്‍ പരിശീലനത്തിനായി ആദ്യത്തെ 21 ദിവസങ്ങള്‍ നീക്കി വയ്ക്കണം. '21 ദിവസങ്ങള്‍ ' എന്തിന് എന്നല്ലേ? പറയാം, ഒരാള്‍ ഒരു പ്രത്യേക കാര്യം 21 ദിവസങ്ങള്‍ മുടങ്ങാതെ ചെയ്തു വന്നാല്‍ അത് അയാളുടെ ജീവിത ശൈലിയുടെയും സ്വഭാവത്തിന്റെ തന്നെയും ഒരു ഭാഗമായി മാറും എന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ അച്ചടക്കം ഇല്ലായ്മ എന്ന നിങ്ങളുടെ പ്രശ്നത്തെ സമീപിക്കുവാന്‍ ആദ്യത്തെ 21 ദിവസങ്ങള്‍ 'എന്തു വന്നാലും' അര മണിക്കൂര്‍ വീതം എഴുതുന്നതിനായി നീക്കി വയ്ക്കുക. അനുയോജ്യമായ സമയവും സ്ഥലവും കണ്ടെത്തി അത് വിട്ടുകളയാതെ ചെയ്യുക. എന്തു എഴുതും എന്നോ എങ്ങനെ പ്രസിദ്ധീകരിക്കുമെന്നോ ഒന്നും ഇപ്പോള്‍ ചിന്തിച്ചു വിഷമിക്കേണ്ട കാര്യമില്ല, കാരണം ഈ ഘട്ടത്തില്‍ നിങ്ങള്‍ എഴുതുവാനുള്ള അച്ചടക്കം (ചിട്ടയായി എഴുതുന്നതിനുള്ള ശീലം) നേടുവാനാണല്ലോ പരിശ്രമിക്കുന്നത്.
പരിശീലനം ആവര്‍ത്തിക്കപ്പെടുന്നു
ആദ്യത്തെ 21 ദിവസങ്ങള്‍ക്ക് ശേഷം ഒന്നാമത്തെ കാര്യത്തോട് കൂടെ രണ്ടാമത്തെ കാര്യം കൂടെ ചേര്‍ക്കുക. അതായത് അച്ചടക്കം വര്‍ദ്ധിപ്പിക്കുകഎന്നതിനോടൊപ്പം വ്യാകരണപ്പിശക് മറികടക്കല്‍ എന്ന കാര്യം കൂടെ പരിശീലിക്കാന്‍ ആരംഭിക്കുക - ആദ്യത്തേത് വിട്ടു കളയരുതേ..
വിജയം കൈപ്പിടിയില്‍ !
അങ്ങനെ 42 ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും (അതായത് ആറാഴ്ചകള്‍ ) നിങ്ങളുടെ മനോഭാവത്തിലും ജീവിത രീതികളിലും കാര്യമായ മാറ്റങ്ങള്‍ നിങ്ങള്‍ തന്നെ കണ്ടിരിക്കും! അവിടെ നിറുത്തേണ്ട, ഇതുപോലെ തന്നെ അടുത്ത കാര്യത്തിലേക്ക് കടക്കാം. അങ്ങനെ, പടിപടിയായി മുന്നേറാം!.

'റോമാ നഗരം ഒരു രാത്രി കൊണ്ട് പണി തീര്‍ത്തതല്ല' എന്ന് പറയാറുണ്ടല്ലോ. അത് പോലെ തന്നെയാണ് ജീവിത വിജയവും, അത് ഒരു സുപ്രഭാതത്തില്‍ തനിയെ വന്നു ചേരുകയില്ല. നിരന്തരം പരിശ്രമിക്കുക - അതാണ്‌ നാം ചെയ്യേണ്ടത്..!

1.4.12

അദ്ധ്യാപകരേ ഇതിലേ ഇതിലേ...


വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ റിച്ചാര്‍ഡ് ഫെയ്ന്‍മാന്‍ 1988 ലാണ് അന്തരിച്ചത്. ശാസ്ത്രസങ്കല്‍പ്പങ്ങള്‍ അങ്ങേയറ്റം ലളിതവും മനോഹരവുമായി വിശദീകരിക്കാനുള്ള പ്രാവിണ്യം ഫെയ്ന്‍മാനെ വിദ്യാര്‍ഥികളുടെയും ശാസ്ത്രകുതുകികളുടെയും മുന്നിലൊരു സൂപ്പര്‍താരമാക്കി മാറ്റി. കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (കാല്‍ടെക്) അദ്ദേഹം നടത്തിയ ക്ലാസുകള്‍ 'ഫെയ്ന്‍മാന്‍ ലക്‌ച്ചേഴ്‌സ് ഇന്‍ ഫിസിക്‌സ്' എന്നപേരില്‍ പുസ്തകരൂപത്തിലാക്കിയത് ഇന്നും ചൂടപ്പം പോലെ വിറ്റുപോകുന്നു.

യൂട്യൂബ് യുഗത്തിലാണ് ഫെയ്ന്‍മെന്‍ ജീവിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ലോകംമുഴുവന്‍ അദ്ദേഹത്തിന്റെ ആരാധകരുടെ സംഖ്യ എത്ര വര്‍ധിക്കുമായിരുന്നു.

ഫെയ്ന്‍മാന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ എങ്ങനെയാകുമായിരുന്നു എന്നറിയാന്‍ ഒരു പരോക്ഷ മാര്‍ഗമുണ്ട്. അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി) യിലെ ഭൗതികശാസ്ത്ര പ്രൊഫസര്‍ വാള്‍ട്ടര്‍ ലെവിന്‍ ലോകമെങ്ങുമുള്ള വിജ്ഞാനദാഹികള്‍ക്ക് മുന്നില്‍ യുട്യൂബിലൂടെ എങ്ങനെയൊരു സൂപ്പര്‍താരമായി മാറിയിരിക്കുന്നു എന്ന് പരിശോധിച്ചാല്‍ മതി.

ഭൗതികശാസ്ത്ര നിയമങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ പ്രൊഫ.ലെവിന്‍ നടത്തുന്ന ക്ലാസുകള്‍ ഏത് അധ്യാപകരെയും അസൂയപ്പെടുത്തും. അത്ര അനായാസമാംവിധം ലളിതമായാണ് അദ്ദേഹം കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ഊര്‍ജസ്വൊലതയാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. ഭൗതികശാസ്ത്രതത്ത്വങ്ങള്‍ വിശദമാക്കിക്കൊടുക്കാനായി ക്ലാസില്‍ പെന്‍ഡുലത്തില്‍ തലകീഴായി തൂങ്ങിയാടാനോ, കൈയ്യില്‍ കൊള്ളുന്നത്ര സിഗരറ്റെടുത്ത് ഒരുമിച്ച് വലിച്ചുകാട്ടാനോ, ആപ്പിള്‍ജ്യൂസും കൈയില്‍ പിടിച്ചുകൊണ്ട് മേശപ്പുറത്തുനിന്ന് തറയിലേക്ക് ചാടാനോ 76-കാരനായ അദ്ദേഹത്തിന് മടിയില്ല.

ഭൗതികശാസ്ത്രത്തിലെ വിസ്മയങ്ങളെ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ മാന്ത്രികമായ കൈയടക്കത്തോടെയാണ് ലെവിന്‍ അവതരിപ്പിക്കാറ്. 'ആളുകള്‍ക്ക് അവരുടെ സ്വന്തംലോകത്തെയാണ് ഞാന്‍ പരിചയപ്പെടുത്തുന്നത്. അവര്‍ ജീവിക്കുന്ന ലോകം, അവര്‍ക്ക് പരിചയമുള്ള ലോകം-എന്നാല്‍, അവരിതുവരെ ഒരു ഭൗതികശാസ്ത്രജ്ഞന്റെ കാഴ്ചപ്പാടില്‍ സമീപിക്കാത്ത ലോകം'-ലെവിന്‍ പറയുന്നു.

കഴിഞ്ഞ 43 വര്‍ഷമായി എംഐടിയിലെ ഭൗതികശാസ്ത്ര അധ്യാപകനാണ് ലെവിന്‍. അദ്ദേഹത്തിന്റെ മൂന്ന് ആമുഖ കോഴ്‌സുകളിലെ 94 ലക്ച്ചറുകള്‍ 1999 മുതല്‍ എംഐടി വീഡിയോയില്‍ റിക്കോര്‍ഡ് ചെയ്യാന്‍ തുടങ്ങി. 2004 ല്‍ എംഐടി അതിന്റെ 'ഓപ്പണ്‍ കോഴ്‌സ് വേര്‍' (OpenCourseWare) ആരംഭിച്ചു. അതിന്റെ ഭാഗമായി ഓണ്‍ലൈനില്‍ ലെവിന്റെ ക്ലാസുകള്‍ പോസ്റ്റുചെയ്യാനും ആരംഭിച്ചു. അതോടെ ഇന്റര്‍നെറ്റ് കണക്ഷനുള്ള ആര്‍ക്കും ലെവിന്റെ പ്രസിദ്ധമായ ആ ക്ലാസുകള്‍ ലഭ്യമാണെന്ന് വന്നു. എംഐടി ഇന്റര്‍നെറ്റില്‍ പോസ്റ്റു ചെയ്യുന്ന ആദ്യക്ലാസുകളിലൊന്നായിരുന്നു ലെവിന്റേത്.


ആ വീഡിയോകള്‍ പിന്നീട് യുട്യൂബ്, ഐട്യൂണ്‍സ് യു (iTunes U), അക്കാദമിക് എര്‍ത്ത് (Academic Earth) എന്നിവയിലും പ്രത്യക്ഷപ്പെട്ടു. ഇന്ന് പ്രതിവര്‍ഷം 20 ലക്ഷം പേരാണ് ലെവിന്റെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധിക്കുന്നത്. എംഐടിയില്‍ ഒരു സെമസ്റ്ററിന് 600 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് അദ്ദേഹം ക്ലാസെടുക്കുന്നതെന്ന് ഓര്‍ക്കണം.

ലെവിന്‍ ഓണ്‍ലൈനില്‍ നേടുന്ന വിജയം മനസിലാക്കി അഞ്ചുവര്‍ഷം മുമ്പ് 'ന്യൂയോര്‍ക്ക് ടൈംസ് അദ്ദേഹത്തെ ഒന്നാംപേജ് ഫീച്ചറാക്കി അവതരിപ്പിച്ചു. അന്താരാഷ്ട്ര 'വെബ്ബ് സ്റ്റാര്‍' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടത്. പിന്നീട് ഒട്ടേറെ മുന്‍നിര മാധ്യമങ്ങള്‍ അധ്യാപനത്തെ മാന്ത്രികാനുഭവമാക്കുന്ന ആ അധ്യാപകനെ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു.

ലെവിന്റെ ക്ലാസുകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധിച്ച ആയിരങ്ങള്‍ അദ്ദേഹത്തിന് ലോകമെമ്പാടും നിന്ന് ഈമെയിലിലും അല്ലാതെയും കത്തെഴുതുന്നു. 'ഞാനൊരു കുട്ടിയായിരുന്നുപ്പോള്‍ ഒട്ടേറെ ഗംഭീര അധ്യാപകര്‍ എനിക്കുണ്ടായിരുന്നു. എന്നാല്‍ ലെവിനെപ്പോലുള്ളവര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു'-ലെവിന്‍ രചിച്ച 'ഫോര്‍ ദി ലവ് ഓഫ് ഫിസിക്‌സ് : ഫ്രം ദി എന്‍ഡ് ഓഫ് ദി റെയിന്‍ബോ ടു ദി എഡ്ജ് ഓഫ് ടൈം - എ ജേര്‍ണി ത്രൂ ദി വന്‍ഡേഴ്‌സ് ഓഫ് ഫിസിക്‌സ്' എന്ന പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പില്‍ ബില്‍ ഗേറ്റ്‌സ് എഴുതി.

ദിവസവും ലെവിന്റെ ഈമെയില്‍ ഇന്‍ബോക്‌സിലേക്ക് മൂന്നു ഡസനോളം കത്തുകളാണ് എത്തുന്നത്. ഭൗതികശാസ്ത്രത്തെക്കുറിച്ചും അതുവഴി ലോകത്തെക്കുറിച്ചുമുള്ള തങ്ങളുടെ കാഴ്ച്ചപ്പാട് മാറ്റിയതില്‍ നന്ദി അറിയിച്ചുകൊണ്ടുള്ളതാണ് അതില്‍ പലതും. സംശയങ്ങള്‍ക്ക് നിവാരണം വരുത്താനുള്ളതാകും ചില മെയിലുകള്‍. അവയ്‌ക്കെല്ലാം അദ്ദേഹം മറുപടി എഴുതും. കേഴ്‌വിക്കുറവുള്ള ഒരു സാധു വിദ്യാര്‍ഥി ഒരിക്കല്‍ ലെവിന് എഴുതി, 'ഫിസിക്‌സിനെ സ്‌നേഹിക്കാന്‍ അങ്ങാണ് എന്നെ പഠിപ്പിച്ചത്. ഇപ്പോള്‍ ജീവിതത്തില്‍ എനിക്കും ഒരവസരമുള്ളതായി എനിക്ക് തോന്നുന്നു'. ആ വിദ്യാര്‍ഥിക്ക് 18 ഭൗതികശാസ്ത്ര ഗ്രന്ഥങ്ങള്‍ ആ പ്രൊഫസര്‍ അയച്ചുകൊടുത്തു.

ക്ലാസില്‍ അദ്ദേഹം വിദ്യാര്‍ഥികളോട് ഇങ്ങനെ പറയാറുണ്ട്, 'കെപ്ലെറുടെ മൂന്നാം നിയമം നിങ്ങള്‍ മറന്നുപോയേക്കാം (പരീക്ഷ വരെയെങ്കിലും മറക്കില്ല എന്ന് ഞാന്‍ ആശിക്കുന്നു). എന്നാല്‍, ഭൗതികശാസ്ത്രമെന്നത് എത്ര മനോഹരവും ആവേശജനകവുമാണെന്ന കാര്യം പക്ഷേ, നിങ്ങള്‍ ഓര്‍ക്കും'.

ബാല്യം, വിദ്യാഭ്യാസം

നെതര്‍ലന്‍ഡ്‌സിലെ ഒരു ജൂതകുടുംബത്തില്‍ 1936 ജനവരി 29 നാണ് വാള്‍ട്ടര്‍ ലെവിന്‍ ജനിച്ചത്. രണ്ടാംലോകമഹായുദ്ധത്തിലേക്ക് ലോകം ചുവടുവെയ്ക്കുന്ന സമയമായിരുന്നു അത്. നാസി ജര്‍മനി നെതര്‍ലന്‍ഡ്‌സില്‍ ആധിപത്യം സ്ഥാപിച്ചു. ഒട്ടേറെപ്പേരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കയച്ചു. ലെവിന്റെ ബന്ധുക്കളില്‍ പലരും അത്തരം ക്യാമ്പുകളിലെത്തുകയും ഗ്യാസ് ചേംബറുകള്‍ക്ക് ഇരയാവുകയും ചെയ്തു.


പിതാവിന് നാസികളുടെ പക്കല്‍നിന്നുണ്ടായ തിക്താനുഭവങ്ങളെ ലെവിന്‍ തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിനും പൊതുപാര്‍ക്കുകളില്‍ പോകുന്നതിനും ലെവിന്റെ പിതാവിന് വിലക്കുണ്ടായി. തനിക്കിഷ്ടപ്പെട്ട റെസ്റ്റോറന്റുകളില്‍ പോലും അദ്ദേഹത്തിന് പ്രവേശനമില്ലാതായി. പ്രവേശനം അനുവദിക്കപ്പെട്ട അപൂര്‍വം ചില സ്ഥലങ്ങളിലൊന്ന് സെമിത്തേരിയായിരുന്നു! കുടുംബത്തിന് നാസികളുടെ പക്കല്‍നിന്ന് കൂടുതല്‍ അപകടം വരുന്നത് ഒഴിവാക്കാന്‍ ഒരുദിവസം പിതാവ് 'അപ്രത്യക്ഷനായി'യെന്ന് ലെവിന്‍ ഓര്‍ക്കുന്നു. പിന്നീട് അദ്ദേഹം മടങ്ങിയെത്തിയത് 1944 ലാണ്.

അധ്യാപനത്തിലേക്ക് തന്നെ ആദ്യം ആകര്‍ഷിച്ചത് ശാസ്ത്രമായിരുന്നില്ലെന്ന് ലെവിന്‍ പറയുന്നു. കലയിലായിരുന്നു താത്പര്യം. ലെവിന്റെ മാതാപിതാക്കള്‍ക്ക് പെയിന്റിങുകളുടെ വിപുലമായ ശേഖരമുണ്ടായിരുന്നു. അതില്‍നിന്നാണ് ലെവിന്റെ താത്പര്യം ഉടലെടുത്തത്. ലെവിന്റെ ആദ്യത്തെ ക്ലാസ് അവതരണം 15 -ാമത്തെ വയസിലായിരുന്നു. വിന്‍സെന്റ് വാന്‍ ഗോഗിനെക്കുറിച്ചുള്ളതായിരുന്നു അത് ; ക്ലാസ് അസൈന്‍മെന്റിന്റെ ഭാഗമായി.

ഡെല്‍ഫ്റ്റ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ നിന്ന് 1965 ല്‍ ന്യൂക്ലിയര്‍ ഫിസിക്‌സില്‍ ലെവിന്‍ പിഎച്ച്ഡി നേടി. എംഐടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചത് എക്‌സ്-റേ അസ്‌ട്രോണമി വിദഗ്ധന്‍ ബ്രൂണോ റോസിയാണ്. എംഐടിയിലെത്തി ആറുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഫാക്കല്‍ട്ടിയായി നിയമനം കിട്ടി. പിന്നീട് എംഐടി വിട്ടില്ല.

എക്‌സ്‌റേ-അസ്‌ട്രോണമിയില്‍ വളരെ ഉത്സാഹത്തോടെ ലെവിന്‍ ഗവേഷണത്തിലേര്‍പ്പെട്ടു. 1972 ല്‍ ലെവിന്റെ നേതൃത്വത്തിലാണ് കാലാവസ്ഥാ പഠനത്തിനുള്ള ഏറ്റവും വലിയ ബലൂണ്‍ അയച്ചത്. അതിന്റെ ഭാഗമായി ബാഹ്യപ്രപഞ്ചത്തില്‍ നിന്നുള്ള ഉന്നതോര്‍ജ എക്‌സ്‌റെ സ്പന്ദനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഒരു എക്‌സ്-റേ ടെലിസ്‌കോപ്പ് 45,000 മീറ്റര്‍ ഉയരെ എത്തിക്കാന്‍ ലെവിന് കഴിഞ്ഞു. ന്യൂട്രോണ്‍ താരങ്ങളെയും തമോഗര്‍ത്തങ്ങളെയും കുറിച്ചുള്ള ആദ്യ തെളിവുകള്‍ ലെവിന്റെകൂടി ശ്രമഫലമായാണ് ശാസ്ത്രലോകത്തിന് ലഭിച്ചത്.

എംഐടിയില്‍ ചേര്‍ന്നയുടന്‍ അദ്ദേഹം ക്ലാസുകളെടുക്കാന്‍ തുടങ്ങി. ശാസ്ത്രസങ്കല്‍പ്പങ്ങള്‍ ശരിയായ അര്‍ഥത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ എന്തു കഷ്ടപ്പാടിനും അദ്ദേഹത്തിന് മടിയില്ല. അതാണ് ലെവിനെ ലോകോത്തര അധ്യാപകനാക്കി മാറ്റിയത്.

തറയില്‍ വെച്ചിരിക്കുന്ന ബീക്കറില്‍നിന്ന് നീളമേറിയ സ്ട്രാ ഉപയോഗിച്ച് ജൂസ് വലിച്ചുകുടിക്കാന്‍ 16 അടി ഉയരമുള്ള ഏണിക്ക് മുകളില്‍ അദ്ദേഹം വലിഞ്ഞുകയറും. ലക്ച്ചര്‍ ഹാളിന്റെ മേല്‍ത്തട്ടില്‍നിന്ന് തൂക്കിയിട്ടിട്ടുള്ള ലോഹഗോളത്തില്‍ ഇരുന്നിട്ട് ലക്ച്ചര്‍ ഹാളിന് മുന്നിലൂടെ തൂങ്ങിയാടും, നിശ്ചിതസമയത്ത് എത്ര തവണ ആ പെന്‍ഡുലം ദോലനം ചെയ്യുന്നുവെന്ന് വിദ്യാര്‍ഥികള്‍ക്ക് എണ്ണിനോക്കാന്‍. ഒരു നിശ്ചിതസമയത്ത് പെന്‍ഡുലം ദോലനം ചെയ്യുന്നതിന്റെ തോത്, പെന്‍ഡുലത്തിന്റെ ഭാരത്തെ ആശ്രയിച്ചല്ലെന്ന വസ്തുത വിദ്യാര്‍ഥികള്‍ക്ക് കാട്ടിക്കൊടുക്കാനാണ് ആ ഊഞ്ഞാലാട്ടം.

പ്രകൃതിയുടെ നിയമങ്ങള്‍ വിശദീകരിക്കാന്‍ അദ്ദേഹം സ്വന്തം ശരീരത്തെ കൂട്ടുപിടിക്കുന്നു. ലെവിന്റെ ക്ലാസുകളുകളില്‍ അദ്ദേഹത്തിന്റെ മകന്‍ ഇമ്മാനുവല്‍ ലെവിന്‍ ചിലയവസരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 'ഒരിക്കല്‍ അദ്ദേഹം ശബ്ദത്തിന് വ്യതിയാനം വരുത്താനായി ക്ലാസിനിടെ ഹീലിയം ശ്വസിക്കുന്നത് ഞാന്‍ കണ്ടു'-ഇമ്മാനുവല്‍ പറയുന്നു. ഏതാണ്ട് മയങ്ങി വീഴുന്നതിന്റെ വക്കത്താണ് ആ പരീക്ഷണം അദ്ദേഹത്തെ എത്തിച്ചത്.


'തന്റെ ശരീരത്തെ തന്നെ അദ്ദേഹം ഒരു പരീക്ഷോപകരണമായി ക്ലാസില്‍ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്'-ലെവിന്‍ രചിച്ച പുസ്തകത്തിന്റെ മുഖവുരയില്‍ ചരിത്രകാരനായ വാറെന്‍ കോള്‍ഡ്‌സ്റ്റീന്‍ പറയുന്നു. അതുവഴി ഭൗതികശാസ്ത്രത്തിലെ അത്ഭുതങ്ങളെ ആഹ്ലാദപൂര്‍വം മനസിലാക്കാന്‍ ലെവിന്റെ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നു.

ഓരോ ക്ലാസിനും വേണ്ടി സുദീര്‍ഘമായ തയ്യാറെടുപ്പാണ് ലെവിന്‍ നടത്താറ്. 50 മിനിറ്റ് ക്ലാസിനായി ഒഴിഞ്ഞ ക്ലാസ്മുറിയില്‍ മൂന്നു തവണ അദ്ദേഹം റിഹേഴ്‌സല്‍ നടത്തും. മൂന്നാമത്തെ റിഹേഴ്‌സല്‍, ക്ലാസെടുക്കേണ്ട ദിവസം രാവിലെ അഞ്ചുമണിക്കായിരിക്കും. അതിനു ശേഷമാണ് വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുക. നാടകീയമാം വിധം, ആകാംക്ഷയോടെ ശ്വാസമടക്കിപ്പിടിച്ച് ശ്രദ്ധിച്ചിരിക്കാന്‍ പാകത്തില്‍, ഓരോ ക്ലാസും അദ്ദേഹം മാറ്റുന്നു.

ലെവിന്റെ ശൈലി മറ്റ് അധ്യാപകരെയും സ്വാധീനിച്ചിട്ടുമുണ്ട്. എംഐടിയിലെ മെറ്റീരിയല്‍സ് കെമിസ്ട്രിയിലെ പ്രസിദ്ധ അധ്യാപകനായ ഡോണാള്‍ഡ് സഡോവേ, തന്റെ ക്ലാസുകള്‍ വിദ്യാര്‍ഥികള്‍ക്ക് പ്രിയപ്പെട്ടതാകാന്‍ കാരണം, ലെവിന്റെ ശൈലി തന്നെ സ്വാധീനിച്ചതിനാലാണെന്ന് സമ്മതിക്കുന്നു.

2009 ല്‍ ലെവിന്‍ ഔദ്യോഗികമായി വിരമിച്ചു. ഇപ്പോള്‍ എമിറൈറ്റ്‌സ് പ്രൊഫസറായ അദ്ദേഹം ആഴ്ചയില്‍ രണ്ടു ദിവസം മുടങ്ങാതെ ക്യാമ്പസിലെത്തുന്നു. ദക്ഷിണകൊറിയ, നെതര്‍ലന്‍ഡ്‌സ് തുടങ്ങി പല രാജ്യങ്ങളിലും നിന്ന് ക്ലാസെടുക്കാന്‍ അദ്ദേഹത്തിന് ക്ഷണം ലഭിക്കാറുണ്ട്. തന്റെ ക്ലാസുകളെ ആധാരമാക്കിയാണ് 2011 ല്‍ 'ഫോര്‍ ദി ലവ് ഓഫ് ഫിസിക്‌സ്' ലെവിന്‍ പ്രസിദ്ധീകരിച്ചത്. വാറെന്‍ കോള്‍ഡ്‌സ്റ്റീനുമായി ചേര്‍ന്നാണ് ആ ഗ്രന്ഥം അദ്ദേഹം തയ്യാറാക്കിയത്.

കോപ്പിയടി- മാത്യഭൂമി യില് 28/3/2012 ല് ശ്രീ ജോസഫ് ആന്റണിയുടെ ലേഖനം